നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ “നക്കീരന്‍’ മാഗസിന്‍ എഡിറ്റര്‍ ആര്‍ ഗോപാലന്‍ അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് തമിഴ്‌നാട് പോലിസ് നക്കീരനെ അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയെന്ന് രാജ്ഭവന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വിദ്യാര്‍ഥികളെ മധുര കാമരാജ് സര്‍വകലാശാലയിെല അധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് അര്‍പ്പുകോട്ടയെ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ നിര്‍മലാ ദേവി അറസ്റ്റിലായിരുന്നു. ഈ സംഭവത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. വിഷയം സംബന്ധിച്ചു “നക്കീരന്‍’ മാഗസിനില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണു ഗോപാലനെ അറസ്റ്റ് ചെയ്തത്. ഗവര്‍ണര്‍ സെക്രട്ടറി സാം ബാസാര്‍ ആണു പരാതി നല്‍കിയത്.
അതേസമയം നക്കീരന്‍ ഗോപാലന്റെ അറസ്റ്റിനെ അപലപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. അറസ്റ്റിനെ ഡിഎംകെ അപലപിച്ചു. നക്കീരന്‍ ഗോപാലനെ ഉടന്‍ തന്നെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞു.
ഏകാധിപതികളുടെ രാജ്യത്താണോ നമ്മള്‍ ജീവിക്കുന്നതെന്നു തോന്നുന്ന കാര്യങ്ങളാണു നടക്കുന്നത്. പെരിയാറിന്റെ പ്രതിമകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ട ബിജെപി നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. വനിതാ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ എസ് വി ശേഖറിനെയും അറസ്റ്റ് ചെയ്തില്ല. നക്കീരന്‍ ഗോപാലന്റെ അറസ്റ്റിനെ അപലപിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
എംഡിഎംകെ നേതാവ് വൈകോയും സംഭവത്തില്‍ പ്രതിഷേധമറിയിച്ചു. ചിന്താദ്രിപേട്ട് പോലിസ് സ്‌റ്റേഷനിലെത്തി നക്കീരന്‍ ഗോപാലനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് തനിക്ക് അനുമതി തന്നില്ലെന്നു വൈക്കോ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ അധികൃതര്‍ തുടരുന്ന ഭീഷണിയുടെ മനോഭാവമാണ് ഇതു കാണിക്കുന്നത്. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണോ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയാണു തനിക്കു വിമര്‍ശിക്കാനുള്ളതെന്നും വൈക്കോ പറഞ്ഞു.

RELATED STORIES

Share it
Top