ധ്യാനത്തിന്റെ ആത്മാവ്‌

റമദാന്‍ അവസാനത്തെ പത്ത് വന്നതോടെ വിശ്വാസികള്‍ ഇഅ്തികാഫിനുള്ള ഒരുക്കത്തിലുമാണ്. അവസാന പത്തിലെ വിശിഷ്ട ആരാധനാച്ചടങ്ങ്. പള്ളികളിലത്രയും ഇഅ്തികാഫിനുള്ള അറിയിപ്പുകളും അജണ്ടയും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഖുര്‍ആന്‍ പഠനം, സ്റ്റഡി ക്ലാസുകള്‍, നോമ്പുതുറ എന്നീ ചേരുവകളടങ്ങിയ സമയപ്പട്ടികയും കാണാന്‍ കഴിയും. ഉദ്ദേശ്യമറിയാതെ ആത്മാംശം നഷ്ടപ്പെട്ട ചടങ്ങായി ഇഅ്തികാഫ് മാറിയോ? ഇന്നത്തെ മിക്ക ഇഫ്താറുകള്‍ക്കും ആത്മീയപ്രഭാഷണങ്ങള്‍ക്കുമെല്ലാം ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ അവയ്ക്ക് അലങ്കാരവിഭൂഷിതങ്ങളായ പുറന്തോടുകള്‍ നല്‍കി ആകര്‍ഷകമാക്കാന്‍ വഴികളാരായുകയാണ് വിശ്വാസികള്‍. റമദാനിലെ അവസാന പത്തില്‍ പ്രവാചകന്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കാന്‍ തീരുമാനിച്ചു. ആളുകളില്‍നിന്ന് പരമാവധി ഒറ്റയ്ക്കു മാറി ഏകാന്തനായാണ് പ്രവാചകന്റെ ധ്യാനം.ഈ ആവശ്യാര്‍ഥം ആയിശ അദ്ദേഹത്തിന് പള്ളിക്കകത്തൊരു കൂടാരമുണ്ടാക്കി. അതു കണ്ട് പ്രവാചക പത്‌നിമാരായ ഹഫ്‌സയും സൈനബും മറ്റ് ഓരോ കൂടാരങ്ങള്‍ കൂടി ഉണ്ടാക്കി. പ്രവാചകന്‍ നോക്കുമ്പോള്‍ പള്ളിയില്‍ മൂന്നു കൂടാരങ്ങള്‍. അദ്ദേഹം അതിനെപ്പറ്റി ആരാഞ്ഞു. അവയെല്ലാം പ്രവാചകപത്‌നിമാര്‍ തന്നെ ഉണ്ടാക്കിയതാണെന്ന മറുപടി ലഭിച്ചു. അദ്ദേഹം ഭാര്യമാരെ വിളിച്ച് ഇതുകൊണ്ടെല്ലാം നന്മതന്നെയാണോ നിങ്ങളുദ്ദേശിക്കുന്നതെന്നു ചോദിച്ചു.  കൂടാരങ്ങളെല്ലാം പൊളിച്ചുമാറ്റാന്‍ കല്‍പ്പിക്കുകയും ചെയ്തു. ബുഖാരി, മുസ്‌ലിം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഈ സംഭവം കാണാം. ഇസ്‌ലാമിലെ ഇഅ്തികാഫ് ഏകാന്ത ധ്യാനമാണ്. പ്രവാചകന്‍ ഇഅ്തികാഫ് നിര്‍വഹിച്ചിരുന്നത് ജനങ്ങളുമായി ഇടപഴകാതെ പള്ളിക്കകത്ത് പ്രത്യേകം സജ്ജമാക്കിയ കൂടാരസമാനമായ ഇടത്തിലായിരുന്നു. ഈ വസ്തുത ഏകാന്ത ധ്യാനത്തെ സാധൂകരിക്കുന്നുണ്ട്. ജീവിതത്തിലെ ബഹളമയവും ക്ലിഷ്ടവും വിരസവുമായ നിമിഷങ്ങളില്‍നിന്ന് അല്‍പ്പം അകന്നുമാറി ഏകാന്തമായി മനസ്സിനെയും അതുവഴി ശരീരത്തെയും പ്രശാന്തമാക്കാനുള്ള ആരാധനയാണത്.

വ്രതത്തിന്റെ ആദ്യ പത്തിരുപതു നാളുകളില്‍ ഭക്ഷണവും വികാരവിക്ഷോഭങ്ങളും തൃഷ്ണകളും പരിത്യജിച്ച് പക്വമായിത്തീര്‍ന്ന ശരീരം നിയന്ത്രിതമായ ആ മനസ്സിനെ ദൈവചിന്തയില്‍ ഏകാഗ്രമാക്കി സുഷുപ്തിയിലിരുത്തുന്ന സമയമാണ് ഇഅ്തികാഫ്. തികഞ്ഞ സുഷുപ്തിക്കു ശേഷം നവചൈതന്യവും ഊര്‍ജസ്വലതയും കൈവരിച്ചു മുന്നേറാന്‍ ധ്യാനത്തില്‍നിന്നു വിരമിച്ച വിശ്വാസിയെ പ്രാപ്തമാക്കുന്നു. പക്ഷേ, ഇന്നിന്റെ പുത്തന്‍ ശൈലിയിലുള്ള ഇഅ്തികാഫ് ഖുര്‍ആന്‍ ക്ലാസുകളുടെയും പഠനകളരികളുടെയും ഉച്ചയ്ക്കുശേഷം തുടങ്ങുന്ന ഇഫ്താര്‍ ആഘോഷത്തിന്റെയും ഗരിമയില്‍ ശ്വാസംമുട്ടി നിഷ്പ്രഭമായിത്തീരുകയാണ്. ആരാധനകള്‍ ആത്മാവ് ചോര്‍ന്നുപോവാതെ നിര്‍വഹിക്കാനാവട്ടെ നമ്മുടെ ശ്രമങ്ങള്‍.

RELATED STORIES

Share it
Top