ധോണിയെ വിമര്‍ശിച്ച് പൂനെ ടീം സഹ ഉടമ വീണ്ടും രംഗത്ത്പൂനെ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ആക്ഷേപിച്ച് ഐപിഎല്‍ പൂനെ സൂപ്പര്‍ജയന്റ് ടീമിന്റെ സഹ ഉടമ വീണ്ടും രംഗത്ത്. പൂനെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ ഗോയങ്കെ ധോണിയെ അധിക്ഷേപിച്ചെന്നാണ് പുതിയ ആരോപണം. പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ച് മുന്നേറുന്ന പൂനെ ടീമിലെ എല്ലാ താരങ്ങളേയും പുകഴ്ത്തിയ ഹര്‍ഷ ധോണിയുടെ പേര് മാത്രം പരാമര്‍ശിക്കാത്തതാണ് പുതിയ വിവാദത്തിലേക്ക് നയിച്ചത്.കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടീം നേടിയ വിജയത്തെ ഗോയങ്കെ അഭിനന്ദിച്ചു. 52 പന്തില്‍ 93 റണ്‍സ് നേടിയ ത്രിപദിയെയും സ്‌റ്റോക്‌സ്, സ്മിത്ത്, താഹിര്‍ എന്നിവരെയും ഗോയങ്കെ പേരെടുത്ത് പറഞ്ഞു പുകഴ്ത്തി. കഴിഞ്ഞ രണ്ട് ഇന്നിങ്‌സുകളുടെ പ്രകടനത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തുകാണിച്ച് മനോജ് തിവാരി, രഹാനെ, ക്രിസ്റ്റിയന്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. എന്നാല്‍, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന മൂന്ന് ഓവറില്‍ 47 റണ്‍സ് ആവശ്യമായ സന്ദര്‍ഭത്തില്‍ ടീമിനെ വിജയത്തിലേക്കെത്തിച്ച ധോണിയെക്കുറിച്ച് ഹര്‍ഷ മിണ്ടിയില്ല. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പൂനെ ജയം ആഘോഷിച്ചപ്പോള്‍ ധോണിയെ ഹര്‍ഷ വിമര്‍ശിച്ചിരുന്നു. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പ്രകടനമെന്നായിരുന്നു ഹര്‍ഷന്റെ പരിഹാസം. ഇതിന് പിന്നാലെ ധോണിയുടെ ആരാധകര്‍ ഹര്‍ഷനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top