ധുമല്‍ പിന്മാറി; ഠാക്കൂറിന് നറുക്ക്

ഷിംല: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ പിന്മാറിയതോടെയാണ് ജയ്‌റാം ഠാക്കൂറി (52)ന് നറുക്കുവീണത്.  ശനിയാഴ്ച രാത്രി വരെ ധുമല്‍ മുഖ്യമന്ത്രിയാവുമെന്നായിരുന്നു ഹിമാചല്‍ രാഷ്ട്രീയവൃത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ഒരു വിഭാഗം ബിജെപി എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ ധുമല്‍ തോറ്റെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, അദ്ദേഹം പിന്‍വാങ്ങിയതോടെ സാഹചര്യം ഠാക്കൂറിന് അനുകൂലമായി. കേന്ദ്രമന്ത്രി ജെ പി നദ്ദയും മുഖ്യമന്ത്രിയാവാന്‍ ചരട് വലിച്ചിരുന്നു. അതും വിഫലമായി. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായ ഠാക്കൂര്‍ ധുമലിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിയരുന്നു. ആര്‍എസ്എസുമായി അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ട്. മാണ്ഡി മേഖലയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഠാക്കൂര്‍. മാണ്ഡിയിലെ സെരാജ് മണ്ഡലത്തില്‍ നിന്നാണ് ഠാക്കൂര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരില്‍ മിക്കവരും ഷിംല, കംഗ്ര, സിര്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇത്തവണ മാണ്ഡി മേഖലയില്‍ നിന്ന് 10 എംഎല്‍എമാര്‍ ബിജെപിക്കുണ്ട്. മാണ്ഡിയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ഠാക്കൂര്‍ ജനിച്ചത്. ചണ്ഡീഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദമെടുത്തു. വൈകാതെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.1993ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോറ്റെങ്കിലും 1998ല്‍ സെരാജില്‍നിന്ന് ജയിച്ചു. തുടര്‍ന്നു നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും അവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോവുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ച നേതാവാണ് ഠാക്കൂര്‍. അതും അനുകൂല ഘടകമായി.

RELATED STORIES

Share it
Top