ധവാന്‍ കരുത്തില്‍ ഹൈദരാബാദ് ; ഏഴ് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടുഹൈദരാബാദ്: പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാന്‍ ജയം നിര്‍ണായകമായ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും വിജയം പിടിച്ചടക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 140 റണ്‍സ് നേടി ഹൈദരാബാദ് വിജയം സ്വന്തമാക്കി. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ശിഖാര്‍ ധവാന്റെ(62*) ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദിന് അനിവാര്യ ജയം സമ്മാനിച്ചത്.ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തെ തെറ്റിക്കുന്ന ബൗളിങ് പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തത്. ഭുവനേശ്വര്‍ കുമാറിന്റെയും കൗലിന്റേയും പന്തുകളില്‍ തീപാറിയപ്പോള്‍ മുംബൈ ഇന്നിങ്‌സ് സമ്മര്‍ദത്തിലായി. മറ്റുള്ളവര്‍ തിളങ്ങാതെ പോയെങ്കിലും 45 പന്തില്‍ 67 റണ്‍സെടുത്ത രോഹിത് മുംബൈയെ 138 എന്ന സ്‌കോറിലേക്കെത്തിക്കുകയായിരുന്നു.മറുപടി ബാറ്റിങില്‍ ഹൈദരാബാദിന് തുടക്കത്തിലേ തന്നെ ഡേവിഡ് വാര്‍ണറെ(6) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന ധവാനും മോയിസസ് ഹെന്റിക്വസും(44) ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്കെത്തിച്ചു. ഇരുവരും 91 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒമ്പത് റണ്‍സുമായി യുവരാജ് സിങ് പുറത്തായെങ്കിലും വിജയ് ശങ്കറെ(15) കൂട്ടുപിടിച്ച് കൂടുതല്‍ അപകടം വരാതെ ധവാന്‍ ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ൈഹദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

RELATED STORIES

Share it
Top