ധബോല്‍ക്കര്‍ വധം: രണ്ടു പേരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

പൂനെ: നരേന്ദ്ര ധബോല്‍ക്കര്‍ കൊലക്കേസിലെ പ്രതികളായ രാജേഷ് ബംഗാര, അമിത് ദെഗ്‌വേക്കര്‍ എന്നിവരെ പുനെ സെഷന്‍സ് കോടതി 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ആഗസ്ത് 18ന് ഔറംഗബാദില്‍ നിന്നു സിബിഐ അറസ്റ്റ് ചെയ്ത സച്ചിന്‍ അന്‍ഡ്യൂറിനെ മജിസ്‌ട്രേറ്റ് കസ്റ്റഡിയിലും വിട്ടു.അതേസമയം, ധബോല്‍ക്കര്‍ വധത്തില്‍ തന്റെ കക്ഷികളായ ബംഗാരയ്ക്കും ദെഗ്‌വേക്കര്‍ക്കും പങ്കില്ലെന്നും കസ്റ്റഡി റദ്ദാക്കണമെന്നും ഇരുവരുടെയും അഭിഭാഷകന്‍ സമീര്‍ പട്‌വര്‍ധന്‍ ആവശ്യപ്പെട്ടു.
വിനയ് പവാര്‍, സാരങ് അകോല്‍ക്കര്‍ എന്നിവരാണ് കൊലയാളികളെന്നു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ദെഗ്‌വേക്കറിനും ബംഗാരയ്ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിനാല്‍ അവരുടെ കസ്റ്റഡി റദ്ദാക്കണം അദ്ദേഹം അവകാശപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത ശരത് കലേസ്‌ക്കറിനെ റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ആഴ്ച മുംബൈ സെഷന്‍സ് കോടതി തള്ളിയിരുന്നു.
2013 ആഗസ്ത് 20നാണ് മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി (മാന്‍സ്) സ്ഥാപകന്‍ ദബോല്‍ക്കര്‍ വെടിയേറ്റു മരിച്ചത്. പ്രഭാത സവാരി കഴിഞ്ഞ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ബൈക്കിലെത്തിയ അക്രമി വെടിവച്ച് വീഴ്ത്തുകയായിരുന്നു.

RELATED STORIES

Share it
Top