ധന ബില്ലായി അവതരിപ്പിച്ചതിനെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ആധാര്‍ നിയമത്തെ ലോക്‌സഭയില്‍ ധന ബില്ലായി അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിക്കും. ആധാര്‍ കേസില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണു തീരുമാനം.
വിധിയെ സ്വാഗതം ചെയ്യുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി. രാജ്യസഭയില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതി മറികടക്കാനാണു സര്‍ക്കാര്‍ 2016ല്‍ ആധാര്‍ ബില്ല് ധന ബില്ലായി അവതരിപ്പിച്ചത്. ഇത്തരത്തില്‍ നിയമം പാസാക്കുന്നത് സ്വകാര്യത സംബന്ധിച്ച അടിസ്ഥാനാവകാശങ്ങളുടെയും ധന ബില്ല് സംവിധാനത്തിന്റെയും ലംഘനമാണ്- കപില്‍ സിബല്‍ പറഞ്ഞു.
ഭാവിയില്‍ സ്പീക്കര്‍ ഒരു ബില്ലിനെ ധന ബില്ലായി പ്രഖ്യാപിച്ചാല്‍ അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് കോടതിവിധി പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആധാര്‍ ബില്ല് ധന ബില്ലായാണ് അവതരിപ്പിച്ചതെന്നു വ്യക്തമാക്കി ഏഴംഗ ബെഞ്ചിനെ സമീപിക്കും. രാജ്യസഭയില്‍ പാസാക്കാതെ നിയമഭേദഗതി വരുത്താനുള്ള എല്ലാ സര്‍ക്കാര്‍ നീക്കത്തെയും കോടതിയില്‍ ചോദ്യംചെയ്യുമെന്നും സിബല്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നിരീക്ഷണ ആയുധമായ 57ാം വകുപ്പ് റദ്ദാക്കിയ നടപടി സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന നിയമം ദുരുപയോഗം ചെയ്യുന്ന നടപടിയെ അവസാനിപ്പിക്കും. ലോക്‌സഭാ സ്പീക്കറുടെ തീരുമാനങ്ങള്‍ കോടതിക്ക് പരിശോധനയ്ക്ക് വിധേയമാക്കാമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിബല്‍ പറഞ്ഞു.

RELATED STORIES

Share it
Top