ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം

താമരശ്ശേരി: സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമം. പുതുപ്പാടി കൈതപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫൈനാന്‍സിയേഴ്‌സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇലവകുന്നേല്‍ സജി കുരുവിള(52) യെയാണ് വധിക്കാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കൈതപ്പൊയില്‍ ബസ്‌സ്‌റ്റോപ്പിനു സമീപം സുബൈദ കോംപ്ലക്‌സി ല്‍ തന്റെ സ്ഥാപനത്തില്‍ ജോലിക്കിടയിലാണ് അജ്ഞാതനായ യുവാവ് അക്രമം നടത്തിയത്. ശരീരത്തില്‍ തീപടര്‍ന്ന സജി തന്റെ കാബിനില്‍ നിന്നു പുറത്തിറങ്ങി താഴേക്ക് ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും കച്ചവടക്കാരുമാണ് തീ അണച്ചത്. 95 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹളത്തിനിടയില്‍ അക്രമി രക്ഷപ്പെട്ടു. ഇയാളുടേതെന്നു കരുതുന്ന ബൈക്കിന്റെ താക്കോല്‍, ഹെല്‍മറ്റ്, ഒരു കുപ്പി പെട്രോള്‍ എന്നിവ നാട്ടുകാര്‍ കണ്ടെടുത്തു.
രണ്ടുദിവസം മുമ്പ് ഇരിട്ടി സ്വദേശി സുമേഷ് എന്ന ആള്‍ ഒന്നരലക്ഷം രൂപയ്ക്കുള്ള സ്വര്‍ണവുമായി ഇവിടെയെത്തിയിരുന്നു. ണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതു നല്‍കാനാവില്ലെന്നറിയിച്ചതോടെ സ്ഥലം വിട്ടു. ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ ഉടമ ഇത് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇയാള്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീണ്ടും സ്വര്‍ണം പണയംവയ്ക്കാനെന്ന വ്യാജേന ഈ സ്ഥാപനത്തിലെത്തി മുളകുപൊടി വിതറുകയും പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നു സജി മൊഴി നല്‍കി. താമരശ്ശേരി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top