ധനകാര്യ കമ്മീഷന്‍ പരിധി വിടരുത്‌

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം വന്‍തോതില്‍ നഷ്ടപ്പെടുത്തുന്ന 15ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കെതിരേ ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാര്‍ തിരുവനന്തപുരത്ത് യോഗം ചേരുകയും അത്തരം നടപടികള്‍ക്കെതിരേ ഒന്നിച്ചുനില്‍ക്കാമെന്നു തീരുമാനിക്കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചില സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ഇങ്ങനെ യോഗം ചേരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാരുണ്യത്തില്‍ കഴിയുന്ന തമിഴ്‌നാടും ആന്ധ്രപ്രദേശുമായി ചില വിഷയങ്ങളില്‍ തര്‍ക്കത്തിലായ തെലങ്കാനയും യോഗത്തില്‍ പങ്കെടുത്തില്ല. ധനമന്ത്രിമാരുടെ യോഗം ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നവരുടെ സര്‍വപിന്തുണയുമര്‍ഹിക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ പൊതുവില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യത്തേതല്ല. ഭരണഘടനയുടെ 280ാം ഖണ്ഡികപ്രകാരം നിലവില്‍ വന്ന ധനകാര്യ കമ്മീഷന്റെ ജോലി തന്നെ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാനങ്ങളും തമ്മിലുള്ള ധനപരമായ ബന്ധങ്ങള്‍ നിര്‍ണയിക്കുകയാണ്. 1951ല്‍ പാസാക്കിയ ധനകാര്യ കമ്മീഷന്‍ നിയമം അതിന്റെ അധികാരങ്ങള്‍ കുറേക്കൂടി കൃത്യമായി നിര്‍വചിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ കമ്മീഷന്റെ ശുപാര്‍ശകളില്‍ പ്രതിഫലിക്കാറുണ്ടെങ്കിലും 15ാം ധനകാര്യ കമ്മീഷന്‍ കുറച്ചുകൂടി മുന്നോട്ടുപോയി അവര്‍ക്ക് അധികാരമില്ലാത്ത മേഖലകളെപ്പറ്റിയും അഭിപ്രായം പറയുന്നു. അവര്‍ വികസനമേഖലയില്‍ മുന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ അതിന്റെ പേരില്‍ ശിക്ഷിക്കുന്നതരം ശുപാര്‍ശകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം നികുതിവിഹിതം നിശ്ചയിക്കുമ്പോള്‍ അത് കേരളത്തിന് 20,000 കോടി രൂപയോളം നഷ്ടപ്പെടുത്തുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
ഇതുവരെ 1971ലെ സെന്‍സസ് പ്രകാരമാണ് കമ്മീഷന്‍ വിഹിതം നിശ്ചയിച്ചിരുന്നത്. 2011ലെ സെന്‍സസ് അനുസരിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ കുറഞ്ഞു. നികുതിവിഹിതം അതനുസരിച്ച് കുറയ്ക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. ജനനനിരക്ക് കുറഞ്ഞത് പൊതുവില്‍ വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതുമൂലമാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിന്റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്നതിലുള്ള രാഷ്ട്രീയം പ്രകടമാണ്. തിരുവനന്തപുരത്ത് സമ്മേളിച്ച മന്ത്രിമാര്‍ നികുതിവിഹിതത്തില്‍ വിചിത്രമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണെന്നു ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാ അധികാരങ്ങളും കൈയിലൊതുക്കുകയെന്നത് പൊതുവില്‍ വലതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്വഭാവമാണ്. അതിനാല്‍ ബിജെപിയുടെ നീക്കത്തില്‍ വലിയ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്.
നോട്ട് റദ്ദാക്കല്‍, ചരക്കു സേവന നികുതിയിലെ സങ്കീര്‍ണതകള്‍ എന്നിവമൂലം ഇതിനകം തന്നെ സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്. അതിനിടയിലാണ് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍. കമ്മീഷന്‍ സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നവിധം പ്രവര്‍ത്തിക്കുന്നത് അനഭിലഷണീയമാണെന്നതില്‍ തര്‍ക്കമില്ല. അത്തരം കടന്നുകയറ്റങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്.

RELATED STORIES

Share it
Top