ധനകാര്യസ്ഥാപന ഉടമയുടെ കൊലപാതകം: പ്രതി പിടിയില്‍

താമരശ്ശേരി (കോഴിക്കോട്): നാടിനെ നടുക്കിയ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകക്കേസിലെ പ്രതി പോലിസ് പിടിയില്‍. ആലപ്പുഴ വള്ളികുന്ദം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ് കുമാറി (40)നെയാണു പ്രത്യേക അന്വേഷണ സംഘം തിരൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്കു രേണ്ടാടെ പുതുപ്പാടി കൈതപ്പൊയില്‍ സുബൈദാ കോംപ്ലക്‌സിലെ മലബാര്‍ ഫൈനാന്‍സിയേഴ്‌സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇലവുന്നേല്‍ സജി എന്ന പി ടി കുരുവിള (52)യെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.  സജി ഇയാളുടെ ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതാണു പ്രതിയെ പിടികൂടാന്‍ പോലിസിനു സഹായകമായത്.
കൊലപാതകം നടത്തി സംസ്ഥാനം വിടാനുള്ള തയ്യാറെടുപ്പിലാണ് ഇയാള്‍ പോലിസ് വലയിലായത്. കൊല്ലാന്‍ വേണ്ടിയല്ല ചെയ്തതെന്നും പല പ്രാവശ്യം പണയം വയ്ക്കാന്‍ സ്വര്‍ണാഭരണങ്ങളുമായി വന്നിട്ടും ആവശ്യപ്പെട്ട തുക ലഭിക്കാത്തതിലുള്ള വിഷമം കൊണ്ടാണ് പെട്രോള്‍ ഒഴിച്ചു തീയിട്ടതെന്നും പ്രതി പോലിസിനോട് പറഞ്ഞു. സജി മരിച്ച വിവരം അറിയുന്നതു പോലിസ് പിടികൂടി കൊണ്ടുവന്നപ്പോള്‍ മാത്രമാണെന്ന് ഇയാള്‍ പറയുന്നു.
സംഭവം നടന്നയുടനെ റൂറല്‍ ജില്ലാ പോലിസ് മേധാവി ജി ജയദേവിന്റെ നിര്‍ദേശ പ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി സി സജീവന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കേന്ദ്രീകരിച്ച് ഒരു സംഘവും ആലപ്പുഴ കേന്ദ്രീകരിച്ചു മറ്റൊരു സംഘവും അന്വേഷണം നടത്തി. തിരൂരിലുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവിടെയെത്തി എല്ലാ ലോഡ്ജുകളിലും പരിശോധന നടത്തി. ഇതിനിടെ തലക്കുളത്തൂരില്‍ ഇയാളുടെ ബൈക്ക് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ പ്രതി ലോഡ്ജില്‍ ഒളിച്ചുതാമസിക്കുന്നതായി മനസ്സിലാക്കിയ സംഘം ഇവിടെ എത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച  പ്രതിയെ കീഴ്‌പ്പെടുത്തി താമരശ്ശേരിയില്‍ എത്തിച്ചു. തുടര്‍ന്ന് സംഭവം നടന്ന കൈതപ്പൊയിലിലെത്തിച്ചു തെളിവെടുത്തു.
താമരശ്ശേരി എസ്‌ഐ സായൂജ്കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ രാജീവ് ബാബു, ഹരിദാസന്‍, ഷഫീഖ് നീലിയാനിക്കല്‍, ഷിബിന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ തിരൂരില്‍ നിന്നു പിടികൂടിയത്.

RELATED STORIES

Share it
Top