ദോഹ മെട്രോ: മണ്ണു മാന്തി യന്ത്രങ്ങള്‍ പുറത്തെടുത്ത് തുടങ്ങി

ദോഹ: ദോഹ മെട്രോയ്ക്ക് വേണ്ടിയുള്ള തുരങ്ക നിര്‍മാണം 60 ശതമാനത്തോളം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇതിനു വേണ്ടി ഉപയോഗിക്കുന്ന കൂറ്റന്‍ മണ്ണു മാന്തി യന്ത്രങ്ങള്‍ പുറത്തെടുത്ത് തുടങ്ങി. ഖത്തര്‍ റെയില്‍ ഉപയോഗിക്കുന്ന 21 മണ്ണു മാന്തി യന്ത്രങ്ങളില്‍ അല്‍മെസീല സൈറ്റിലുള്ളത് കഴിഞ്ഞ ദിവസം പുറത്തെടുത്ത് ഭാഗങ്ങള്‍ വേര്‍പ്പെടുത്തി തുടങ്ങി. അല്‍റയ്യാന്‍ റോഡിന് സമീപത്ത് മെട്രോ സ്‌റ്റേഷന്‍, ലോജിസ്റ്റിക്‌സ് സെന്റര്‍ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ടിബിഎം എസ്-846 യന്ത്രമാണ് പണി പൂര്‍ത്തിയാക്കി പുറത്തെടുത്തത്. ദോഹ മെട്രോ ഗ്രീന്‍ ലൈനിന് വേണ്ടി നാല് കിലോമീറ്റര്‍ ദൂരമാണ് ഈ ജര്‍മന്‍ നിര്‍മിത യന്ത്രം പുര്‍ത്തിയാക്കിയത്. മുശെയ്‌രിബ് സെന്‍ട്രല്‍ സ്റ്റേഷന്‍ വരെയാണ് തുരങ്കം നിര്‍മിച്ചത്. അല്‍മായിദ് ടിബിഎം ഈയിടെ മുശെയ്‌രിബ് വരെയുള്ള തുരങ്കം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ഇത് റോഡ് വഴി കോര്‍ണിഷ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. ദോഹ എക്‌സിബിഷന്‍ സെന്റര്‍ വരെയുള്ള റെഡ് ലൈനിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഒരേ സമയം ഏറ്റവും കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച പദ്ധതി എന്ന നിലയില്‍ ഈയിടെ ഖത്തര്‍ റെയില്‍ ലോക റെക്കോഡ് സൃഷ്ടിച്ചിരുന്നു.
അതേ സമയം, മറ്റു തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ ദോഹയ്ക്കടിയിലൂടെ അതിവേഗം പണി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ദോഹ മെട്രോയുടെ ആദ്യ ഘട്ടത്തിന് ആവശ്യമായ 113 കിലോമീറ്റര്‍ തുരങ്കത്തില്‍ 67 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയതായി ഈയിടെ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടത്തിയ പ്രഭാഷണത്തില്‍ ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല അല്‍സുബാഇ വ്യക്തമാക്കിയിരുന്നു. മറ്റു രാജ്യങ്ങള്‍ 20 വര്‍ഷം കൊണ്ട് ചെയ്യുന്നതാണ് തങ്ങള്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തുരങ്കങ്ങളുടെ നിര്‍മാണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കി ട്രാക്കുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പണികള്‍ ആരംഭിക്കും.

RELATED STORIES

Share it
Top