ദോഹ മെട്രോ പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ദോഹ: ഖത്തറിലെ റെയില്‍ പദ്ധതികളുടെ നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഖത്തര്‍ റെയ്‌ലിന് രണ്ട് പുരസ്‌കാരങ്ങള്‍. ലണ്ടനില്‍ ഈ മാസം നടന്ന ഇന്റര്‍നാഷനല്‍ പ്രോപര്‍ട്ടി അവാര്‍ഡ്‌സിലാണ് ബെസ്റ്റ് അറേബ്യന്‍ ആര്‍കിടെക്ചറല്‍ ഡിസൈന്‍ ഫോര്‍ പബ്ലിക് സെര്‍വീസസ്, ബെസ്റ്റ് ഇന്റര്‍നാഷനല്‍ ആര്‍കിടെക്ചറല്‍ ഡിസൈന്‍ ഫോര്‍ പബ്ലിക് സെര്‍വീസസ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ദോഹ മെട്രോ സ്‌റ്റേഷനുകള്‍ക്കു വേണ്ടിയുള്ള വോള്‍ട്ടഡ് സ്‌പേസസ് എന്ന ഡിസൈനാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
20 അന്താരാഷ്ട്ര വാസ്തുശില്‍പ്പകലാ വിദഗ്ധര്‍ അടങ്ങിയ ജഡ്ജിങ് പാനലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഖത്തര്‍ റെയില്‍ ഡെപ്യൂട്ടി സിഇഒ എന്‍ജിനീയര്‍ ഹമദ് അല്‍ബിഷ്‌രി, ആര്‍ക്കിടെക്ചര്‍ സീനിയര്‍ ഡയറക്ടര്‍ മുഹമ്മദ് ടിംബ്‌ലി എന്നിവര്‍ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ മാസം ദുബയില്‍ നടന്ന ചടങ്ങിലും ഇതേ പദ്ധതിക്ക് ഖത്തറിലെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് ആര്‍ക്കിടെക്ചര്‍ എന്ന നിലയില്‍ അംഗീകാരം ലഭിച്ചിരുന്നു.
1995ല്‍ നിലവില്‍ വന്ന ഇന്റര്‍നാഷനല്‍ പ്രോപര്‍ട്ടി അവാര്‍ഡ്‌സ് പ്രോപര്‍ട്ടി, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കമ്പനികള്‍ കൈവരിക്കുന്ന ഏറ്റവും മികച്ച നേട്ടങ്ങള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇന്റര്‍നാഷനല്‍ പബ്ലിക് സെര്‍വീസ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ അംഗീകാരം നേടുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍.
ഓരോ പാതയ്ക്കും വ്യത്യസ്ത സ്വഭാവം നല്‍കുന്ന രീതിയിലുള്ള രൂപകല്‍പ്പനയാണ് ദോഹ മെട്രോയുടെ സ്‌റ്റേഷനുകള്‍ക്ക് സ്വീകരിച്ചിരിക്കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അതത് മേഖലയുടെ സംസ്‌കാരവും ചരിത്രവും ഇതില്‍ പ്രതിഫലിക്കുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.
പരമ്പരാഗത ഇസ്‌ലാമിക വാസ്തുശില്‍പ്പകലയെ അടിസ്ഥാനപ്പെടുത്തിയുള്ള വോള്‍ട്ടഡ് സ്‌പേസസ് എന്ന ആശയം എല്ലാ സ്റ്റേഷനുകളുടെയും രൂപകല്‍പ്പനയില്‍ പ്രതിഫലിക്കുന്നുണ്ട്.

RELATED STORIES

Share it
Top