ദേശീയ സുരക്ഷാ ഏജന്‍സിക്ക് മാസങ്ങളായി സ്ഥിരം തലവനില്ല

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്ജി) ആറു മാസമായി പ്രവര്‍ത്തിക്കുന്നതു വ്യക്തമായ നേതൃത്വമില്ലാതെ. ആറു മാസമായി എന്‍എസ്ജിക്ക് സ്ഥിരം കമാന്‍ഡര്‍ ഇല്ല. പെട്ടെന്നുണ്ടാവുന്ന സായുധ ആക്രമണങ്ങളടക്കമുള്ള സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിന് എന്‍എസ്ജിക്ക് ഇതു പ്രതിസന്ധി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഉടനെ സൈന്യത്തില്‍ നിന്നു തലവനെ നിയമിക്കണമെന്ന് എന്‍എസ്ജി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സേന ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്്. ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെട്ട് ഉടന്‍ നിയമനം നടത്തണമെന്ന് എന്‍എസ്ജി ആവശ്യപ്പെട്ടു.
ഈ വര്‍ഷം ഏപ്രില്‍ മുതലാണ് എന്‍എസ്ജി നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്. സൈന്യത്തില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ വന്ന മേജര്‍ ജനറല്‍ ശശാങ്ക് മിശ്രയായിരുന്നു എന്‍എസ്ജിയിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഓപറേഷന്‍സ്) തസ്തിക വഹിച്ചിരുന്നത്. എന്നാല്‍ ഏപ്രിലില്‍ മിശ്ര ജോലിക്കയറ്റം ലഭിച്ച് പുറത്തു പോവുകയായിരുന്നുവെന്ന് സേനയുമായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്‍എസ്ജിയുടെ ഘടന പ്രകാരം ഇന്‍സ്‌പെക്ടര്‍ ജനറലിന് (ഓപറേഷന്‍സ്) കീഴിലാണ് സൈനിക യൂനിറ്റുകളുടെ ക്രമീകരണം. എന്‍എസ്ജിയുടെ ടോപ് കമാന്‍ഡര്‍ ഡയറക്ടര്‍ ജനറലാണെങ്കിലും സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍സ്‌പെക്ടര്‍ ജനറലുടെ കീഴിലാണ്്്. ഡല്‍ഹി എന്‍എസ്ജി ആസ്ഥാനത്തുള്ള ഡയറക്ടര്‍ ജനറല്‍ (ഡിജി) തസ്തികയിലേക്ക് ഐപിഎസ് ഉദ്യോഗസ്ഥരെയാണു നിയമിക്കുക. സൈന്യത്തില്‍ മേജര്‍ ജനറല്‍ തസ്തികയിലുള്ളവരെയാണ് ഇന്‍സ്‌പെക്ടര്‍ ജനറലായി (ഐജി) നിയമിക്കേണ്ടത്. സൈന്യത്തില്‍ നിന്ന് യോഗ്യരായ ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് എന്‍—എസ്ജി കമാന്‍ഡര്‍ നിയമനം വൈകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു.
അതേസമയം മുഴുവന്‍ സമയ ഐജിയെ നിയമിക്കുക എന്നതു പ്രധാനമാണെങ്കിലും നിലവില്‍ സേനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി ഐജിയുടെ കഴിവില്‍ പൂര്‍ണ വിശ്വാസമുള്ളതായി എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ സുദീപ് ലഘ്താകിയ പ്രതികരിച്ചു. അടുത്തുതന്നെ മുഴുവന്‍ സമയ ഐജി എന്‍എസ്ജിയില്‍ നിയമിതനാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top