ദേശീയ സിനിമാ അവാര്‍ഡ് വീടുകളില്‍ എത്തിക്കും

ന്യൂഡല്‍ഹി: ദേശീയ സിനിമാ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച പുരസ്‌കാരജേതാക്കളുടെ മെഡലും പ്രശസ്തി പത്രവും സ്പീഡ് പോസ്റ്റ് വഴി വീടുകളില്‍ എത്തിക്കുമെന്നു വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം. കഴിഞ്ഞ തവണയും ആരോഗ്യപരമായ കാരണങ്ങളാലും മറ്റും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതുപോലെ പുരസ്‌കാരങ്ങള്‍ വീടുകളിലേക്ക് അയച്ചുകൊടുത്തിരുന്നുവെന്നും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പുരസ്‌കാരജേതാക്കള്‍ക്ക് മുഴുവന്‍ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കാത്തതിനെ തുടര്‍ന്ന് 60ഓളം ജേതാക്കളാണു ചടങ്ങ് ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചത്. പുരസ്‌കാരജേതാക്കള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം വരുത്തിയ മാറ്റം അംഗീകരിക്കാനാവില്ലെന്നാണു ചടങ്ങ് ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ നിലപാടെടുത്ത്. എന്നാല്‍ ഏപ്രില്‍ തുടക്കത്തില്‍ തന്നെ രാഷ്ട്രപതിയുടെ സമയക്രമവും മറ്റു വിവരങ്ങളും മന്ത്രാലയത്തെ അറിയിച്ചതാണെന്നാണ് രാഷ്ടപ്രതി ഭവന്‍ ഇന്നലെ വ്യക്തമാക്കിയത്. എത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത് മന്ത്രാലയമാണെന്നാണു രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചത്.
രാഷ്ട്രപതി ഭവന്‍ വളരെ നേരത്തേ തന്നെ ഇക്കാര്യം അറിയിച്ചിട്ടും അവാര്‍ഡ് ജേതാക്കള്‍ക്ക് അയച്ച കത്തില്‍ രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുകയെന്നാണു വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചത്.

RELATED STORIES

Share it
Top