ദേശീയ ശ്രീശങ്കര നൃത്ത സംഗീതോല്‍സവത്തിന് തിരിതെളിഞ്ഞു

കാലടി: അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ശ്രീശങ്കര നൃത്ത സംഗീതോല്‍സവത്തിന് അദൈ്വതഭൂമിയായ കാലടിയില്‍ തിരിതെളിഞ്ഞു. പെരിയാന്‍ തീരത്തെ അക്ഷാരാര്‍ത്ഥത്തില്‍ ചിലങ്കയണിയിച്ചുകൊണ്ട് അന്താരാഷ്ട്ര പ്രസിദ്ധരായ കലാകാരന്മാര്‍ ഉള്‍പ്പടെ അറൂനൂറോളം കലാകാരികള്‍ അണിനിരക്കുന്ന അപൂര്‍വദൃശ്യവിരുന്നിനാണ് കാലടി സാക്ഷ്യം വഹിക്കുന്നത്.
സീനിയര്‍ ഗുരു കലാമണ്ഡലം മോഹനതുളസി, മോഹിനിയാട്ടം നര്‍ത്തകി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കഥക് നര്‍ത്തകന്‍ അഷിംബന്ധു ഭട്ടാചാര്യ, കഥകളി നടന്‍ ഡോ.സി പി ഉണ്ണികൃഷ്ണന്‍, ജോസ് തെറ്റയില്‍ എംഎല്‍എ, ജസ്റ്റീസ് കെ സുകുമാരന്‍, ഡോ. കെ വി ടോളിന്‍, എന്‍ പി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നൃത്ത സംഗീതോത്സവത്തിന് ഭദ്രദീപം തെളിയിച്ചു. ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ കെ ടി സലിം അധ്യക്ഷത വഹിച്ചു. മികച്ച പിഎച്ച്ഡി പ്രബന്ധത്തിനുളള (കഥകളി) 11 ാമത് ആഗമാനന്ദ പുരസ്‌കാരം ഡോ.സി പി ഉണ്ണികൃഷ്ണന് സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം പ്രശസ്ത കഥക് നര്‍ത്തകന്‍ അഷിംബന്ധു ഭട്ടാചാര്യയും സംഘവും ദ്രുത ചലനങ്ങള്‍കൊണ്ട് നാട്യവിസ്മയം തീര്‍ത്തു.
ഏഴുപേര്‍ പങ്കെടുത്ത ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന നൃത്തം അദൈ്വത ഭൂമിക്ക് പുത്തന്‍ അനുഭവം ആയി. തുടര്‍ന്ന 22 ഗ്രൂപ്പിനങ്ങളിലായി 180 ഓളം കലാകാരികള്‍ നൃത്ത പരിപാടി അവതരിപ്പിച്ചു. പെരിയാറിന്റെ തീരത്ത് ശ്രീശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സിനു സമീപം 2250 ചതുരശ്രി അടി വിസ്തീര്‍ണമുളള മെഗാ സ്‌റ്റേജിലാണ് പരിപാടി അരങ്ങേറിയത്.
ഉദ്യോഗസ്ഥകളുടെയും വീട്ടമ്മമാരുടെയും നൃത്ത പരിപാടി വേറിട്ട അനുഭവം ആയി. ഇന്നു ചെന്നൈയില്‍ നിന്നുളള രഞ്ചിത്ത് & വിജ്‌നയുടെ ഭരതനാട്യ കച്ചേരി അരങ്ങേറും. ഫെസ്റ്റിവല്‍ പ്രമോട്ടറും ചീഫ് കോ-ഓഡിനേറ്ററുമായ പ്രഫ പി വി പീതാംബരന്‍, ചീഫ് ഡാന്‍സ് കോ-ഓഡിനേറ്ററും ദൂര്‍ദര്‍ശന്‍ ഐസിസിആര്‍ കലാകാരിയുമായ സുധാ പീതാംബരന്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവരാണ് ഫെസ്റ്റിവലിനു നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top