ദേശീയ വോളിബോള്‍; ജയത്തോടെ തുടങ്ങി കേരളംകെ വി ഷാജി സമത
കോഴിക്കോട്: 66ാമത് അഖിലേന്ത്യാ വോളി ചാംപ്യന്‍ഷിപ്പില്‍ പുരുഷ, വനിതാ വിഭാഗം കന്നിയങ്കത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. മൂന്ന് സെറ്റിന്റെ ഏകപക്ഷീയ വിജയത്തോടെയാണ് കേരളത്തിന്റെ പുരുഷ, വനിതാ വിഭാഗം ജയിച്ചുകയറിയത്.പുരുഷ വിഭാഗത്തില്‍ മൂന്നു സെറ്റിലും എതിരാളികളായ രാജസ്ഥാനെ വിറപ്പിച്ച കേരളാ താരങ്ങള്‍ 25- 20, 25- 13, 25- 12 എന്ന മേധാവിത്വ സ്‌കോറോടെയാണ് മിന്നുന്ന വിജയം നേടിയത്. കളി തുടങ്ങി അവസാനിക്കുന്നതുവരെ ശക്തമായ പ്രതിരോധത്തോടൊപ്പം ഹരംകൊള്ളിക്കുന്ന സ്മാഷുകളുമായി കേരളാ താരങ്ങള്‍ ഗാലറിയിലേക്ക് ആവേശം വാരിവിതറി. അതിവേഗ സ്മാഷുകളും, ചിരിപരത്തുന്ന പ്ലേസിങുമായി കേരളം ഗ്രൗണ്ടില്‍ നിറഞ്ഞപ്പോള്‍ രാജസ്ഥാന്‍ കളിക്കാര്‍ പലപ്പോഴും പതറിപ്പോയി. കേരളത്തിന്റെ ആക്രമണങ്ങളില്‍ രാജസ്ഥാന്‍ ടീമിന്റെ ഏകോപനം തകരുകയായിരുന്നു. ആദ്യ സെറ്റില്‍ രാജസ്ഥാന്‍ ഏറെക്കുറെ പൊരുതി നിന്നെങ്കിലും അടുത്ത സെറ്റുകളില്‍ ഇവരുടെ പ്രതിരോധ നിരയില്‍ വിള്ളലുകള്‍ വീണു. അതോടെ രാജസ്ഥാന്‍ സ്‌കോര്‍ താഴേക്കു നീങ്ങി. കഴിഞ്ഞ തവണ ജേതാക്കളായ കേരളാ ടീമിന് തുടക്ക മല്‍സരം തന്നെ ആത്മവിശ്വാസം നല്‍കി. കേരളത്തിന്റെ എ മുത്തുസ്വാമിയുടെ സര്‍വീസോടെയാണ് കളി തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കേരള താരങ്ങള്‍ ആധിപത്യം ഉറപ്പിച്ചു. കേരളത്തിന്റെ അഖില്‍ ജി എസ്്, രോഹിത് പി, ജെറോണ്‍ വിനീത്, അജിത്‌ലാല്‍ തുടങ്ങിയവര്‍ പ്രതിരോധത്തിലും സ്‌കോറിങിലും ടീമിന് ശക്തമായ പിന്തുണ നല്‍കി. എതിര്‍ ടീമിനെ ആശയക്കുഴപ്പത്തിലാക്കുന്ന പാസിങ്ങിലൂടെ കേരളത്തിന്റെ സ്മാഷുകളും പ്ലേസിങും സ്‌കോര്‍ ഉയര്‍ത്തി. രാജസ്ഥാന്റെ സോനുകുമാര്‍, സചിന്‍ ഷെഖാവത്ത്്, സുരാജ് കുമാര്‍ തുടങ്ങിയവരുടെ നീക്കങ്ങളാണ് കേരളാ ടീമിന്റെ പ്രതിരോധ നിരയില്‍ ചിലപ്പോഴെല്ലാം വിള്ളലുണ്ടാക്കിയത്. അവസാന സെറ്റിന്റെ അവസാന സ്‌കോറിലേക്ക് നീങ്ങുന്നതിനിടയില്‍ രാജസ്ഥാന്‍ നല്ല ഫോമിലേക്ക് ഉയര്‍ന്നെങ്കിലും കേരളം പ്രതിരോധം ശക്തമാക്കി. എന്നാല്‍, സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ കുറച്ചു നേരം കേരളാ ടീം ഉലഞ്ഞു. സ്‌കോര്‍ 24-10 ല്‍ നില്‍ക്കുന്ന സമയം രാജസ്ഥാന്‍ കേരളത്തെ ചെറുതായൊന്നു വിറപ്പിച്ചെങ്കിലും, അന്‍സാബിന്റെ ഇടം കയ്യന്‍ സ്മാഷോടെ കേരളം അഖിലേന്ത്യാ വോളിബാള്‍ ചാംപ്യന്‍ഷിപ്പിലെ അടുത്ത പോരാട്ടങ്ങളിലേക്ക്്് ആവേശത്തോടെ കൊട്ടിക്കയറി.
വനിതാ വിഭാഗത്തില്‍ തെലങ്കാനയെ മൂന്ന് സെറ്റിനുള്ളില്‍ കേരളത്തിന്റെ പെണ്‍വീര്യം കീഴടക്കി. ആദ്യ സെറ്റ് 25-16 എന്ന സ്‌കോറിന് നേടിയ കേരള ടീം രണ്ടാം സെറ്റിലും മികവ് ആവര്‍ത്തിച്ചു. 25-13 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ രണ്ടാം സെറ്റ് ജയം. എന്നാല്‍ മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും 25-23ന് തെലങ്കാനയെ വീഴ്ത്തി കേരളം വിജയക്കൊടി പാറിച്ചു.

RELATED STORIES

Share it
Top