ദേശീയ വിരവിമുക്തിദിനം 8ന്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മരുന്ന് വിതരണം

കോഴിക്കോട്: വിരബാധയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എട്ടാം തിയ്യതി ദേശീയ വിരവിമുക്തിദിനം ആചരിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിരശല്യം ഇല്ലാതാക്കാനുള്ള ഗുളിക വിതരണം ചെയ്യുമെന്ന് അഡീഷനല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് എന്‍ രവികുമാര്‍, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സരള നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആല്‍ബന്റസോള്‍-400 എം ജി എന്ന ഗുളികയാണ് സൗജന്യമായി നല്‍കുന്നത്. കുട്ടികളെയാണ് വിരശല്യം പ്രധാനമായി ബാധിക്കുന്നത്. അതിനാല്‍ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് ഗുളിക വിതരണം നടത്തും. ഓരോ വിദ്യാലയങ്ങളിലും പ്രധാന അധ്യാപകനെയോ മറ്റേതെങ്കിലും അധ്യാപകനെയോ നോഡല്‍ ഓഫിസറായി ഗുളിക വിതരണത്തിന്റെ ചുമതല ഏല്‍പിക്കുമെന്ന് ആര്‍സിഎച്ച് ഓഫിസര്‍ പറഞ്ഞു. ജില്ലയിലെ 1930 വിദ്യാലയങ്ങളിലും 2938 അങ്കണവാടികളിലുമായി 7,16,147 കുട്ടികള്‍ക്ക് ഗുളിക നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്—സുമാര്‍ എന്നിവരെ ഗുളികവിതരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അങ്കണവാടികളിലും സ്—കൂളുകളിലും എത്താത്ത കുട്ടികള്‍ക്ക് ഗുളിക നല്‍കാന്‍ ആശാവര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ് ആശാവര്‍ക്കര്‍മാര്‍ ഗുളിക വിതരണം നടത്തുക. ഒരു വയസ്സു മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളിക വീതം നല്‍കും. രണ്ട് വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക നല്‍കും. ഗുളിക ചവച്ചരച്ചാണ് കഴിക്കേണ്ടത്.മനുഷ്യന്റെ കുടലില്‍നിന്ന് പോഷകങ്ങള്‍ വലിച്ചെടുത്ത് ജീവിക്കുന്ന പരാന്നഭോജികളാണ് വിരകള്‍. കൊക്കപ്പുഴു, ചാട്ടവിര, ഉരുളന്‍വിര, കൃമി, നാടന്‍വിര എന്നിങ്ങനെ വിവിധതരം വിരകള്‍ കണ്ടുവരുന്നുണ്ട്. വിരശല്യം കാരണം കുട്ടികള്‍ക്ക് പോഷകക്കുറവും വിളര്‍ച്ച, വളര്‍ച്ചാമുരടിപ്പ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി വിര വിമുക്തിദിനം ആചരിച്ചുവരുന്നതായി അഡീഷനല്‍ ഡിഎംഒ അറിയിച്ചു. വിരശല്യം പ്രതിരോധിക്കുന്നതിനായി ആഹാരം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പിട്ട് കഴുകണം. ടോയ്‌ലറ്റ് ഉപയോഗിച്ചശേഷവും കൈകള്‍ സോപ്പിട്ട് കഴുകണം. ആഹാരപദാര്‍ഥങ്ങള്‍ ഈച്ചയും പൊടിയും കടക്കാതെ സൂക്ഷിക്കണം. കൈനഖങ്ങള്‍ കൃത്യമായ ഇടവേളകളില്‍ മുറിക്കുകയും നഖത്തിനിടയില്‍ അഴുക്ക് പറ്റാതെ സൂക്ഷിക്കുകയും ചെയ്യണം. വീടിന്റെ ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിനോയ്, ജില്ലാ മാസ്മീഡിയാ ഓഫിസര്‍ ബേബി നാപ്പള്ളി എന്നിവരും സംബന്ധിച്ചു.

RELATED STORIES

Share it
Top