ദേശീയ വിദ്യാഭ്യാസ രേഖയുടെ കരടില്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍: മുഖ്യമന്ത്രി

കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ക്ക് പകരം തീവ്ര ഹിന്ദുത്വ നിലപാടുകളാണ് ദേശീയ വിദ്യാഭ്യാസ രേഖയുടെ കരടില്‍ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൂലധനത്തില്‍ കേന്ദ്രീകരിക്കുന്നതും കമ്പോള വ്യവസ്ഥയ്ക്ക് അനുകൂലവുമായ പൗരന്മാരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ ദേശീയ നയത്തിന്റെ ലക്ഷ്യം.  സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗം. എന്നാല്‍, ഇതിന് അനുയോജ്യമായ സാഹചര്യമല്ല രാജ്യത്ത് നിലനില്‍ക്കുന്നത്. ഇന്ത്യയിലെ കലാലയങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ ഇതു സൂചിപ്പിക്കുന്നു. ഇരുട്ട് അകറ്റുന്ന യാത്രയാണ് സര്‍വകലാശാലകള്‍ നടത്തേണ്ടത്. സംസ്‌കൃതത്തില്‍ അവഗാഹമുള്ളവരുടെ എണ്ണം കുറയുകയാണ്. സംസ്‌കൃത ഭാഷയിലെ കൃതികളുടെ വെളിച്ചം മലയാളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയണം. സംസ്‌കൃതത്തിന്റെ പ്രാധാന്യം വിദേശ പണ്ഡിതര്‍ മനസ്സിലാക്കുകയും അവ അവരുടെ മൗലിക അറിവുകളാക്കി ഇവിടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് നമ്മുടെ സ്വന്തം അറിവുകളാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള സമീപനം സര്‍വകലാശാല സ്വീകരിക്കണം. സംസ്‌കൃത ഭാഷയെ നിരാകരിക്കുന്ന സമീപനം പുരോഗമന പ്രസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടതില്ല. ബ്രാഹ്മണ്യവുമായി സംസ്‌കൃതത്തെ ചേര്‍ത്തുവയ്‌ക്കേണ്ടതിന്റെ ആവശ്യവുമില്ല. സംസ്‌കൃത ഭാഷയും സംസ്‌കൃത കൃതികളും പൊതു സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാണ്. ആ അറിവിന്റെ വെളിച്ചം ഏവര്‍ക്കും അവകാശപ്പെട്ടതാണ്. ആ അറിവിനെ അകറ്റി നിര്‍ത്തിയാല്‍ വര്‍ഗീയ ശക്തികളുടെ താല്‍പര്യമാവും സംരക്ഷിക്കപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഒഴിവുള്ള അധ്യാപകരുടെ തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരിതബാധിതര്‍ക്കായി സര്‍വകലാശാല അധ്യാപകരും അനധ്യാപകരും ഒരു ദിവസത്തെ ശമ്പളം നീക്കി വയ്ക്കുമെന്ന് സര്‍വകലാശാല വി സി ഡോ. ധര്‍മരാജ് അടാട്ട് പറഞ്ഞു. ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. മുന്‍ വൈസ് ചാന്‍സലര്‍മാരായ ആര്‍ രാമചന്ദ്രന്‍ നായര്‍, ഡോ. എന്‍ പി ഉണ്ണി, കെ എന്‍ പണിക്കര്‍, കെ എസ് രാധാകൃഷ്ണന്‍, ജെ പ്രസാദ്, എം സി ദിലീപ്കുമാര്‍ എന്നിവരെ ആദരിച്ചു.

RELATED STORIES

Share it
Top