ദേശീയ വിദ്യാഭ്യാസ നയം: കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കാലാവധി മൂന്നാമതും നീട്ടി

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസനയം മാറ്റിയെഴുതുന്നതിന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി. കഴിഞ്ഞവര്‍ഷം ജൂണില്‍ രൂപീകരിച്ച സമിതിക്ക് ഇത് മൂന്നാംതവണയാണ് കാലാവധി നീട്ടിനല്‍കുന്നത്.
2016 മെയ് 27ന് മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്റെ അധ്യക്ഷതയിലുള്ള സമിതി ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍, റിപോര്‍ട്ട് പരസ്യപ്പെടുത്തുന്നതിനെ ചൊല്ലി അന്നു മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയും ടി എസ് ആര്‍ സുബ്രഹ്മണ്യനും തമ്മിലുള്ള തര്‍ക്കത്തിനിടെ കരടുരേഖ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് സ്മൃതി ഇറാനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും പ്രകാശ് ജാവ്‌േദക്കര്‍ മാനവവിഭവശേഷി മന്ത്രിയാവുകയും ചെയ്തതിനെ തുടര്‍ന്നാണ് കെ കസ്തൂരിരംഗനെ അധ്യക്ഷനാക്കി പുതിയ കമ്മിറ്റി രൂപീകരിച്ചത്.
2017 ഡിസംബറോടെ റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സമിതിയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇത് പിന്നീട് ഈ വര്‍ഷം ജൂണ്‍ 30 വരെ നീട്ടിനല്‍കിയിരുന്നു. വിദ്യാഭ്യാസനയത്തിന് അന്തിമരൂപം നല്‍കുന്നതിന് വീണ്ടും സമയം നീട്ടിനല്‍കണമെന്ന സമിതിയുടെ ആവശ്യം പരിഗണിച്ചാണ് മൂന്നാംതവണയും സമയം നീട്ടിനല്‍കിയതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.
ആഗസ്ത് 31 വരെയാണ് ഇപ്പോള്‍ സമയം നീട്ടിനല്‍കിയിരിക്കുന്നത്. 1986ല്‍ ഉണ്ടാക്കി 1992ല്‍ പരിഷ്‌കരിച്ച വിദ്യാഭ്യാസ നയമാണ് ഇപ്പോള്‍ രാജ്യത്ത് പ്രാബല്യത്തിലുള്ളത്.

RELATED STORIES

Share it
Top