ദേശീയ വാഴ മഹോല്‍സവത്തില്‍ ലോകമെമ്പാടുമുള്ള ജൈവ വൈവിധ്യം: ജമ്മുകശ്മീര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം: കല്ലിയൂരില്‍ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ജമ്മു കശ്മീര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡോ. നിര്‍മല്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകമെങ്ങുമുള്ള ജൈവ വൈവിധ്യം എത്തിക്കാന്‍ ദേശീയ വാഴ മഹോല്‍സവത്തിന് കഴിഞ്ഞുവെന്ന് ഡോ.നിര്‍മല്‍ കുമാര്‍ സിങ്ങ് പറഞ്ഞു. കര്‍ഷകര്‍ക്കും കാര്‍ഷിക വൃത്തിക്കും മേള വലിയ സംഭാവനയാണ് ചെയ്യുന്നത്.
ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മുഖമുദ്രയാണ് കലയെന്നും വിശാലമായ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏതിടത്ത് പോയാലും സാംസ്‌കാരികമായ കണ്ണികള്‍ കൊണ്ട് നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍, സംഗീതജ്ഞ ഡോ.കെ .ഓമനക്കുട്ടി, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ജയലക്ഷ്മി സംബന്ധിച്ചു. ഇന്ന് നടക്കുന്ന സാങ്കേതിക സെമിനാര്‍ സെഷനുകളുടെ സമാപന സമ്മേളനത്തില്‍ മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ മുഖ്യാതിഥിയാവും. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.  കുട്ടികളുടെ ചിത്രരചനാ മത്സരം, പാചക മത്സരം തുടങ്ങി വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ക്ക്  അവാര്‍ഡുകള്‍ സമ്മാനിക്കും.

RELATED STORIES

Share it
Top