ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ പുറത്താക്കണം: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്‌

കൊച്ചി/തൃശൂര്‍/തിരുവനന്തപുരം: ഭാരതത്തിന്റെ ബഹുസ്വരതയെയും മതവിശ്വാസങ്ങളിലെ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാനാവാത്ത ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയെ കേന്ദ്രസര്‍ക്കാര്‍ തദ്സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നു കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് കരിവേലിക്കല്‍, പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കുമ്പസാരം നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളില്‍ നിന്നുള്ള അല്‍മായ വൈദിക പ്രതിനിധികളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മാര്‍ പോള്‍ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു കുറ്റിക്കോട്ടയില്‍, വികാരി ജനറാള്‍ മോണ്‍, പി ഐ ലാസര്‍ പ്രസംഗിച്ചു.
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമാണെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് സൂസൈപാക്യം ആരോപിച്ചു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതിനു വേണ്ടിയാണോ ഇത്തരം പ്രസ്താവനകളെന്നു സംശയിക്കണം. കുമ്പസാരം നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top