ദേശീയ രംഗത്തെ കേരള മുഖ്യന്‍

രാഷ്ട്രീയ കേരളം  എച്ച്  സുധീര്‍
മുഖ്യശത്രുവിനെ നിര്‍വചിച്ച് പോരാടുകയെന്നത് സിപിഎം അതിന്റെ തുടക്കകാലം മുതല്‍ തുടര്‍ന്നുപോന്നിരുന്ന രാഷ്ട്രീയ തന്ത്രമാണ്. 2019ല്‍ നടക്കാന്‍ പോവുന്ന പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ മുഖ്യശത്രു ബിജെപിയാണെന്ന് കഴിഞ്ഞ ഏപ്രില്‍ അവസാന വാരം ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സിപിഎം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഇങ്ങ് കേരളത്തില്‍ ബിജെപി സജീവമാണെങ്കിലും സിപിഎമ്മിന്റെ പ്രധാന ശത്രു കോണ്‍ഗ്രസ് ആണെന്നതില്‍ തെല്ലും സംശയമില്ല.
ബിജെപി അവരുടെ പണി തുടര്‍ന്നോട്ടെ; പക്ഷേ, കേരളത്തില്‍ അധികാരക്കസേരയില്‍ ഇരിക്കണമെങ്കില്‍ കോണ്‍ഗ്രസ്സിനെ ഒതുക്കേണ്ടത് സിപിഎമ്മിന് അനിവാര്യമാണ്. അതിനാല്‍ തന്നെ സിപിഎം കേരള ഘടകത്തിനു ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് അത്ര താല്‍പര്യവുമില്ല. ഈ ഘട്ടത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ സിപിഎമ്മിനു വേരോട്ടമുള്ള ഒരേയൊരു സംസ്ഥാനമായ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.
കര്‍ണാടകയില്‍ ഭരണം കൈയടക്കാനുള്ള ബിജെപിയുടെ നെറികെട്ട തന്ത്രത്തിനെതിരേ രംഗത്തുവന്ന നേതാക്കളില്‍ ഒരാളാണ് പിണറായി വിജയന്‍. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയ ജെഡിഎസിലെ കുമാരസ്വാമിയെ പിന്തുണച്ചാണ് പിണറായി രംഗത്തെത്തിയത്. കോണ്‍ഗ്രസ്സിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രഖ്യാപനത്തില്‍ അല്‍പം തിരുത്തല്‍ വരുത്തി ബിജെപിയെ തോല്‍പിക്കാനെന്നു മാറിച്ചിന്തിച്ചതാവും പിണറായി. സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ അടവുകളില്‍ മാറ്റം അനിവാര്യമാണല്ലോ.
എന്തു കളി കളിച്ചും കര്‍ണാടകയില്‍ ഭരണത്തിലെത്താനുള്ള ബിജെപിയുടെ കുതിരക്കച്ചവടം കളമൊരുക്കിയത് ജനാധിപത്യ കശാപ്പിനാണെന്നു തുറന്നടിച്ച പിണറായി വിജയന്‍, കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രതിപക്ഷ ഐക്യനിരയിലും ഉണ്ടായിരുന്നു.
കര്‍ഷകരുടെയും അധ്വാനിക്കുന്ന ജനങ്ങളുടെയും നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തിന് ആപത്തായ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള യഥാര്‍ഥ ബദലാണെന്നാണ് പിണറായിയുടെ പക്ഷം. ഈ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇടതുപക്ഷവും സിപിഎമ്മും ശ്രമിക്കുന്നതത്രേ. രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളും ഉല്‍പതിഷ്ണുക്കളുടെ പോരാട്ടങ്ങളും ഈ ബദലിനു കരുത്തുപകരുമെന്നും പിണറായി പറയുന്നുണ്ട്.
എന്നാല്‍, കേരളത്തില്‍ സമാനമായി സാധാരണക്കാര്‍ സ്വന്തം നിലനില്‍പിനായി നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങളോട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം ഈ വാദഗതികള്‍ക്കു വിരുദ്ധമാണെന്നതും ശ്രദ്ധേയമാണ്. വികസനത്തിന്റെ പേരില്‍ കോര്‍പറേറ്റുകളെ കൂട്ടുപിടിച്ച് ജനവാസമേഖലകളെ തകര്‍ക്കാനുള്ള നീക്കത്തെ എങ്ങനെയാണ് ന്യായീകരിക്കാനാവുക! ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ വികസന മാതൃകയെങ്കിലും പരിശോധിച്ച് പ്രായോഗിക ഇടപെടലുകള്‍ നടത്തുകയല്ലേ വേണ്ടത്?
അതിനു മുതിരാതെ, സ്വന്തം തട്ടകത്തില്‍ ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയും അതിര്‍ത്തിക്ക് അപ്പുറത്തെത്തി ജനകീയ പ്രക്ഷോഭങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് പൊതുജനം മനസ്സിലാക്കിയിട്ടുണ്ടെന്നത് സിപിഎമ്മും നേതാക്കളും ഓര്‍മയില്‍ വയ്ക്കുന്നത് നന്നാവും.
മാത്രമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് അറിയാന്‍ ശ്രമിക്കുന്ന ഭരണാധികാരികളെയാണ് ഏവരും ഇഷ്ടപ്പെടുക. കടല്‍ക്ഷോഭമോ കൊടുങ്കാറ്റോ ഉരുള്‍പൊട്ടലോ എന്തുണ്ടായാലും അവിടെയെല്ലാം മുഖ്യമന്ത്രി എത്തണമെന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ല. എല്ലായിടത്തും മുഖ്യമന്ത്രിക്ക് എത്താന്‍ കഴിയുകയുമില്ല. എന്നാല്‍, ഭരണതലത്തില്‍ നടപടിയെടുത്താലും ജനങ്ങളുടെ ദുരിതം കാണാന്‍ പോകാന്‍ കഴിയുന്ന സ്ഥലങ്ങളിലെങ്കിലും മുഖ്യമന്ത്രി പോവുക തന്നെ വേണം.
രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നതിനൊപ്പം കേന്ദ്രഭരണവും ഭൂരിഭാഗം സംസ്ഥാനങ്ങളും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി പിടിച്ചെടുത്തതോടെ സ്വന്തം നിലനില്‍പു തന്നെ ഭീഷണിയായ സാഹചര്യത്തിലാണ് അല്‍പം വൈകിയാണെങ്കിലും പ്രതിരോധത്തിന്റെ ഉള്‍വിളി സിപിഎമ്മില്‍ ഉണ്ടായതെന്നതില്‍ സംശയമില്ല. രാജ്യത്തെ ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്കും ഭരണഘടനാനുസൃതമായ പൗരാവകാശങ്ങള്‍ക്കും ബിജെപിയും ആര്‍എസ്എസും നേതൃത്വം നല്‍കുന്ന സംഘപരിവാരം ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അന്നൊക്കെ അറിഞ്ഞോ അറിയാതെയോ മൗനം തുടര്‍ന്ന സിപിഎമ്മിന് തെറ്റു തിരുത്തി മുന്നേറാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
സിപിഎമ്മിന്റെ മനംമാറ്റം പ്രകടമായ ഈ ഘട്ടത്തിലാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അസാധാരണമായൊരു സമരം നടന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മൂന്നു മന്ത്രിമാരുമാണ് സമരത്തിനു നേതൃത്വം നല്‍കിയത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരായ ഈ സമരത്തിനും പിന്തുണയുമായി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ടുതന്നെ വിഷയത്തില്‍ ഇടപെടാനും അദ്ദേഹം ആവശ്യപ്പെട്ടു.
മോദി സര്‍ക്കാരിനെതിരായ സമരമുഖത്തെ ഈ കൂടിച്ചേരലുകള്‍ പുതിയ കോണ്‍ഗ്രസ്സിതര രാഷ്ട്രീയ കൂട്ടായ്മയ്ക്കു വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. കാരണം മറ്റൊന്നുമല്ല. കെജ്‌രിവാളിനെ പിന്തുണച്ച് നിരവധി നേതാക്കളാണ് രംഗത്തുവന്നത്. ഇത്തരമൊരു കൂട്ടായ്മ ശക്തിപ്പെട്ടുവന്നാല്‍ അതില്‍ സിപിഎമ്മും ഉണ്ടാവുമെന്നതില്‍ സംശയമില്ല.
ഇവിടെ വിരോധാഭാസം എന്തെന്നാല്‍ ബിജെപിക്കെതിരായി മുന്നണിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന പിണറായി വിജയനും കൂട്ടരും ഡല്‍ഹി സമരം എന്തിനാണെന്ന് ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ എന്നതാണ്. ജനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും നിസ്സഹകരണത്തിനെതിരേയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമരം. ഇക്കാര്യം മനസ്സിലായെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ മനോഭാവത്തെക്കുറിച്ചും അദ്ദേഹം ഒന്നിരുത്തിച്ചിന്തിച്ചാല്‍ നല്ലതാണ്.
വീഴ്ച വരുത്താന്‍ ഒരവസരം നോക്കിനടക്കുകയാണ് കേരളത്തിലെ പോലിസുകാര്‍. ലോക്കപ്പ് മര്‍ദനവും കസ്റ്റഡി മരണവും കള്ളക്കേസ് ചുമത്തലും തുടങ്ങി കൈക്കൂലിയും പീഡനവും ക്രിമിനല്‍ കേസും എന്നു വേണ്ട എല്ലാവിധ നെറികേടിലും ഇന്നു പോലിസിന്റെ കൈയൊപ്പുണ്ട്. ഇതിനെല്ലാം പുറമേ, പോലിസിലെ ഏമാന്‍മാരുടെ വീട്ടില്‍ പോലിസുകാര്‍ക്ക് അടിമപ്പണിയും ദാസ്യപ്പണിയും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
പോലിസിന്റെ നടപടിയില്‍ കേരളത്തിനു വാനോളം അഭിമാനിക്കാം. ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാറുള്ളവര്‍ക്ക് നമ്മുടെ സ്വന്തം നാട്ടില്‍ തന്നെ അതിനുള്ള അവസരം പോലിസ് നിരന്തരം ഒരുക്കിത്തരുന്നുണ്ട്. ദിവസവും പോലിസ് ഉണ്ടാക്കുന്ന തലവേദനയ്ക്ക് മരുന്നു കഴിക്കലാണ് പിണറായിയുടെ പ്രധാന പണി. എന്നും ഇങ്ങനെ മരുന്നു കഴിച്ചിരിക്കാതെ പോലിസിനെ നല്ല വഴിയിലൂടെ നടത്താനുള്ള സമരമുറ പിണറായിയും കൂട്ടരും നടപ്പാക്കുകയാണ് വേണ്ടത്.      ി

RELATED STORIES

Share it
Top