ദേശീയ പാതാ വികസനം:പ്രതിഷേധക്കാരെ കലാപകാരികളെന്ന് വിളിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: മലപ്പുറം എആര്‍ നഗറില്‍ ദേശീയപാത വികസനത്തിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാരെ കലാപകാരികളെന്ന് വിളിച്ച് മന്ത്രി ജി സുധാകരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുധാകരന്റെ പരാമര്‍ശം. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ നിയമസഭയും സര്‍ക്കാരും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തും ദേശീയപാതയില്‍ തീ കത്തിച്ചും എന്താണ് കലാപകാരികള്‍ അവിടെ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് സുധാരകന്‍ ചോദിച്ചു. ഉത്തരവാദിത്വപ്പെട്ട ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കലാപകാരികളെ ഒറ്റപ്പെടുത്തുവാനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മലപ്പുറം ജില്ലയിലെ ദേശീയ പാത 66 ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്കുള്ള ആശങ്കകള്‍ സംബന്ധിച്ച് നിയമസഭയില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ അടിയന്തിര പ്രമേയത്തില്‍ നല്‍കിയ ഉറപ്പിന്‍മേല്‍ 2018 ഏപ്രില്‍ 11 ന് രാവിലെ 10.30 ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ സംയുക്ത യോഗം സെക്രട്ടറിയേറ്റില്‍ കൂടുന്നതിനായി തീരുമാനിച്ചിരിക്കുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. കെ.ടി.ജലീല്‍, എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് സെക്രട്ടറിയടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കുന്നതിനായി എല്ലാവര്‍ക്കും അറിയിപ്പും കൊടുത്തിട്ടുള്ളതാണ്.

എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ നിയമസഭയും സര്‍ക്കാരും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തും ദേശീയപാതയില്‍ തീ കത്തിച്ചും എന്താണ് കലാപകാരികള്‍ അവിടെ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ ചോദിക്കുകയാണ്. നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു പ്രകോപനങ്ങളിലും പെടരുതെന്നാണ് അഭ്യന്തരവകുപ്പ് പോലീസിന് നല്‍കിയ നിര്‍ദ്ദേശം, പക്ഷേ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ഈ സമീപനം ദൗര്‍ബല്യമായിട്ട് ആരും കാണരുത്. ഉത്തരവാദിത്വപ്പെട്ട ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കലാപകാരികളെ ഒറ്റപ്പെടുത്തുവാനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. നിയമാനുസൃതമുള്ള നടപടികളാണ് എടുക്കേണ്ടത്.

ആക്രമണങ്ങള്‍ കൊണ്ട് സമരങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ല. അതല്ല ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. ഇത് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അത് കൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനും സര്‍ക്കാരിന് കഴിയില്ല. ഈ അക്രമണത്തെ ശക്തമായി അപലപിക്കുന്നു. അക്രമണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അക്രമണകാരികള്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം.

RELATED STORIES

Share it
Top