ദേശീയ പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കണം ; സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സാധ്യതാ പഠനം നടത്തുംആലപ്പുഴ: ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കലക്ടറേറ്റ് ജങ്ഷനിലും പുലയന്‍വഴി ജങ്ഷനിലും ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കെല്‍ട്രോണിനെക്കൊണ്ട് സാധ്യതാപഠനം നടത്താന്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്റെ ആധ്യക്ഷതയില്‍ കൂടിയ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ സമര്‍പ്പിച്ച കത്തും അത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപോര്‍ട്ടും പരിഗണിക്കുകയായിരുന്നു കൗണ്‍സില്‍. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ആഞ്ഞിലിമൂട് ജങ്ഷനില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും വേഗ നിയന്ത്രണ സംവിധാനവും സ്ഥാപിക്കുന്നതു സംബന്ധിച്ച് കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ നല്‍കിയ കത്തും അതില്‍ കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റും ഉദ്യോഗസ്ഥ റിപോര്‍ട്ടും യോഗം പരിഗണിച്ചു. എസ്റ്റിമേറ്റ് കേരള റോഡ് സുരക്ഷാ അതോറിട്ടിക്ക് കൈമാറാനും യോഗം തീരുമാനിച്ചു. കായംകുളം ഒഎന്‍കെ ജങ്ഷനിലെ അശാസ്ത്രീയമായ സിഗ്നല്‍ ലൈറ്റുകള്‍ സംബന്ധിച്ച പരാതിപ്രകാരം നടത്തിയ അന്വേഷണ റിപോര്‍ട്ടില്‍ ചര്‍ച്ച നടത്തി. നാല് സിഗ്നല്‍ പോസ്റ്റുകളില്‍ സിങ്കിള്‍ ഫേസ് സിഗ്നല്‍ പോയിന്റുകള്‍ ആക്കാനും സിഗ്നല്‍ പോസ്റ്റുകള്‍ക്ക് സമീപം സ്റ്റോപ്പ് സിഗ്നലും സീബ്രാലൈനും പരിഗണിക്കാനും തീരുമാനിച്ചു. ദേശീയ പാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ഇവ വച്ചവര്‍ക്ക് നോട്ടീസ് അയയ്ക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് എസി റോഡില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഗതാഗത മന്ത്രിയുടെ പ്രതിനിധി തങ്കച്ചന്‍ പടിഞ്ഞാറേക്കളം നല്‍കി. പള്ളിക്കൂട്ടുമ്മ ജങ്ഷനില്‍ ഡിവൈഡര്‍ പണിയുന്നതിനും ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും മണലാടി ജങ്ഷനില്‍ ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച സാധ്യതാ പഠനം നടത്താന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്താനും റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആര്‍ടിഒ എബിജോണ്‍, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി വി ജയിനമ്മ, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ഉഷാകുമാരി, ഡിവൈഎസ്പി എം ഇ ഷാജഹാന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top