ദേശീയ പാതയില്‍ വ്യത്യസ്ത വാഹന അപകടങ്ങളില്‍ ഏഴുപേര്‍ക്ക് പരിക്ക്

ചവറ:  ദേശീയപാതയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടിന് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികരായ  അരിനല്ലൂര്‍ സ്വദേശി ജിതിന്‍ (20), ജിഷ്ണു(21)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടസമയത്ത് ജിതിന് ബോധക്ഷയം ഉണ്ടായി.  ചവറ ഫയര്‍ഫോഴ്‌സ് എത്തി ആംബുലന്‍സിനുള്ളില്‍ വച്ചു കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയാണ് ജിതിന്റെ  ജീവന്‍ രക്ഷിച്ചത്. ഇരുവരും കരുനാഗപ്പള്ളി  താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ഇടപ്പള്ളികോട്ട പമ്പിനു സമീപം വെച്ചായിരുന്നു അപകടം .കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് പന്മന ക്ഷേത്ര ജങ്ഷനു സമീപം വെച്ച് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട കാര്‍ ദേശീയപാതയോരത്തെ കോണ്‍ക്രീറ്റ് തൂണുകള്‍ ഇടിച്ച്  തെറിപ്പിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ  ചവറ ഫയര്‍ഫോഴ്‌സില്‍ നിന്നും രക്ഷാ പ്രവര്‍ത്തകര്‍ എത്തി കാറില്‍ കുടുങ്ങിക്കിടന്ന പന്മന സ്വദേശികളായ റിയാദ്, അബ്ദുല്‍, സല്‍മാന്‍, ഫൗസിന്‍ എന്നിവരെ പുറത്തെടുത്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറിഞ്ഞ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. ദേശീയപാതയില്‍ കുറ്റാമുക്കില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച്  ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് റോഡില്‍ കിടന്ന വാഹനങ്ങളെ ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്നും മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top