ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമായി

തൃശൂര്‍: കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ ആരംഭിച്ച ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമായി. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ലോറികളും സര്‍വീസ് നടത്തിയില്ല. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ആശുപത്രി ഫാര്‍മസികളും കാന്റീനുകളും ഇംഗ്ലീഷ് മരുന്നുകടകളും മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. ട്രെയിനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വീടുകളിലെത്താന്‍ മറ്റ് വാഹനങ്ങള്‍ ലഭിക്കാതെ വലഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുകളില്‍ കരാര്‍വല്‍ക്കരണം വ്യാപകമാക്കുന്നതിനെതിരേയാണ് കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്ക് നടത്തിയത്. അതേസമയം ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് സമരത്തില്‍ നിന്നും വിട്ടുനിന്നു. പണിമുടക്ക് അനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി.
മാള: കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് മാള മേഖലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഏതാനും ബൈക്കുകളും സ്വകാര്യ കാറുകളും മാത്രമാണ് നിരത്തുകളിലൂടെ അപൂര്‍വ്വമായി ഓടിയത്.
കടകമ്പോളങ്ങളും സേവനമേഖലകളും പെട്രോള്‍ പമ്പുകളും മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും ചായക്കടകളും പെട്ടിക്കടകളുംവരെ അടഞ്ഞുകിടക്കുകയായിരുന്നു. ഈസ്റ്റര്‍ ദിനത്തിന്റെ പിറ്റേന്ന് തന്നെയുണ്ടായ പണിമുടക്ക് സര്‍വ്വമേഖലകളേയും ബാധിക്കുന്നതായി. നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും രണ്ടുദിവസമായി സ്തംഭിച്ച നിലയിലായത് നാട്ടുകാരെ കൂടാതെ ഇതരസംസ്ഥാന തൊഴിലാളികളേയും ബാധിച്ചു. അന്നന്നത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നവരെ ഏറെ ദുരിതത്തിലാക്കി പണിമുടക്ക്. സ്‌കൂള്‍ വേനലവധിയുടെ ഭാഗമായി വിവിധയിടങ്ങളിലേക്ക് പോകാനായി നേരത്തെ കണക്കുകൂട്ടിയവരുടെ യാത്രയടക്കം മാറ്റി വെക്കേണ്ടിവന്നു. പൂര്‍ണമായ അവധി ദിനങ്ങളായി മാറി ഈസ്റ്റര്‍ കഴിഞ്ഞുള്ള ദിനവും. കണക്കെടുപ്പിന്റെ ദിനങ്ങളായതിനാലും ഒന്നാം തിയ്യതിയിലെ മുടക്കുംമൂലം പണിമുടക്ക് ദിനം ‘’ആഘോഷത്തില്‍മുക്കാന്‍ കഴിയാത്തയായിരുന്നു ഒരു വിഭാഗത്തിന്.
കൊരട്ടി: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തൊഴിലാളി നയങ്ങള്‍ പിന്‍വലിക്കുക, തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന പൊതുമണിമുടക്കിന്റെ ഭാഗമായി കൊരട്ടിയില്‍ സംയുക്തതൊഴിലാളി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രകടനത്തിന് വിവിധ യൂനിയന്‍ നേതാക്കളായ അഡ്വ.കെ ആര്‍ സുമേഷ്, കെ പി തോമാസ്, എം ജെ ബെന്നി, ഷിബു വര്‍ഗീസ്, ടി വി രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍ നേതൃത്വം നല്‍കി. കൊരട്ടി മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. കിന്‍ഫ്ര, ഐടി പാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും പണിമുടക്ക്  ബാധിച്ചു.

RELATED STORIES

Share it
Top