ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം ഫലപ്രദമാവില്ലെന്ന് പ്രകാശ് കാരാട്ട്

കൊച്ചി: തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം സാധ്യമാവില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്. മഹാരാജാസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ 70 വര്‍ഷം; നേട്ടങ്ങളും വെല്ലുവിളികളും' എന്നീ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപിയെ നേരിടാന്‍ സംസ്ഥാനതലങ്ങളില്‍ രൂപപ്പെടുന്ന പ്രതിപക്ഷ ധാരണയോ സഖ്യമോ ആവും കൂടുതല്‍ ഫലപ്രദമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. വ്യത്യസ്തങ്ങളായ പരിപാടികളും ആശയങ്ങളും ഉള്ള പാര്‍ട്ടികള്‍ തമ്മില്‍ ദേശീയ തലത്തില്‍ ഒരു സഖ്യം ഫലപ്രദമാവില്ല. അതേസമയം ബിജെപി ഉയര്‍ത്തുന്ന ഭീഷണി മറികടന്നേ പറ്റൂ. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് സ്വാധീനമുള്ളത്. അതുകൊണ്ടുതന്നെ യുപി, കര്‍ണാടക എന്നിവിടങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ നേരിട്ട മാതൃകയില്‍ പ്രാദേശിക സഖ്യങ്ങളാണ് ഉരുത്തിരിയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top