ദേശീയ ജലപാത വികസന പദ്ധതി 2022ല്‍ പൂര്‍ണമാവും: മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ജലപാത വികസന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 2020ഓടെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2022ല്‍ പദ്ധതി പൂര്‍ണമാവും. പാര്‍വതി പുത്തനാര്‍, വര്‍ക്കല കനാല്‍, കാനോലി കനാല്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ജലപാതകളിലേക്ക് കടക്കുന്നതിന് പ്രത്യേക മാര്‍ഗമുണ്ടാവും. പത്ത് ജില്ലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജലപാതയില്‍ വിവിധ സ്ഥലങ്ങളില്‍ ടൂറിസം വില്ലേജുകള്‍ സ്ഥാപിക്കാനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. കനാലിലൂടെ ചരക്കുനീക്കം സാധ്യമാവുന്നതോടെ റോഡിലെ അമിത തിരക്ക് നിയന്ത്രിക്കാനും സാധിക്കും. പെട്രോളിയം ഉള്‍പ്പെടെയുള്ള അപകട സാധ്യതയുള്ള ചരക്കുകള്‍ ജലപാതയിലൂടെ കൊണ്ടുപോകാനാവുമെന്നതാണ് പ്രത്യേകത. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയാണിത്. കോവളം മുതല്‍ ബേക്കല്‍ വരെ 610 കിലോമീറ്റര്‍ നീളത്തിലാണ് ജലപാത ഒരുക്കുന്നത്. നദികള്‍ക്ക് കുറുകെ നിര്‍മിക്കുന്ന പാലങ്ങളുടെ ഉയരം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദഗ്ധരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. നദിയുടെ ആഴം കൂട്ടുന്നതിന് ഡ്രെഡ്ജിങ് നടത്തി മാറ്റുന്ന മണ്ണ് നിക്ഷേപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ കണ്ടെത്തണം. ജലപാത പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കണം. ഭാവിയിലെ വികസനവും ടൂറിസം സാധ്യതകളും മുന്നില്‍ കണ്ടുവേണം പദ്ധതി നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളില്‍ വിവിധ ഏജന്‍സികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പദ്ധതികളുടെ കരട് യാഥാര്‍ഥ്യമായിട്ടുണ്ട്. ജില്ലാ പദ്ധതിയുടെ ഭാഗമായി സംയുക്ത പ്രോജക്ടുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പദ്ധതികളുടെ വിലയിരുത്തല്‍ ശില്‍പശാല മാസ്‌കോട്ട്് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

RELATED STORIES

Share it
Top