ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ് 68 ജേതാക്കള്‍ ബഹിഷ്കരിച്ചു; യേശുദാസും ജയരാജും പങ്കെടുത്തു
ajay G.A.G2018-05-03T19:02:32+05:30

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതിയ്ക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി സമ്മാനിക്കുന്നതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 68 പേര് ജേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചു. അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചതില്‍ പാര്‍വതി, ഫഹദ് ഫാസില്‍, തിരക്കഥാകൃത് സജീവ് പാഴൂര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ സംവിധായകന് ജയരാജ്, ഗായകന് കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പുരസ്കാരം ബഹിഷ്കരിച്ചിട്ടില്ലെന്നും പുരസ്കാര സമര്‍പ്പണ ചടങ്ങ് മാത്രമാണ് ബഹിഷ്കരിച്ചതെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിനോട് അനുബന്ധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംഘടിപ്പിക്കുന്ന വിരുന്നും ബഹിഷ്കരിക്കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കുമെന്ന് ഇന്നലെ സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. എല്ലാ പുരസ്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്നും പുരസ്കാര ജേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി പുരസ്കാര ജേതാക്കള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും കേന്ദ്രത്തിനും അയക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ജൂറി ചെയര്മാന് ശേഖര്‍ കപൂര്‍ പുരസ്കാര ജേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാഷ്ട്രപതിയില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതെ വന്നതോടെയാണ് 68 പേര് ചടങ്ങ് ബഹിഷ്കരിച്ച അത്യപൂര്‍വ സംഭവത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.