ദേശീയ ഗാനത്തിനിടെ ട്രംപിന് തട്ടുകൊടുത്ത് മെലാനിയ

വാഷിങ്ടണ്‍: വിവാദ നടപടികളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ പുതിയ നടപടിയും ഇപ്പോള്‍ നവ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. വൈറ്റ് ഹൗസില്‍ പരമ്പരാഗത ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് വിവാദ സംഭവം. അമേരിക്കന്‍ ദേശീയഗാനം ആലപിക്കുന്നതിനിടയിലുള്ള വീഡിയോ ദൃശ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ദേശീയ ഗാനത്തിന് ഇടയില്‍ ട്രംപിനൊരു തട്ടുകൊടുക്കുന്ന മെലാനിയ ട്രംപിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യുഎസ് ദേശീയ ഗാനം മുഴങ്ങിയതോടെ സ്ലൊവേനിയക്കാരിയായ മെലാനിയയും മകന്‍ ബാരണും പരമ്പരാഗത രീതിയില്‍ ബഹുമാനം പ്രകടിപ്പിക്കുന്നതിന് ഹൃദയത്തോട് വലതു കൈ ചേര്‍ത്തുവച്ചു. എന്നാല്‍, ട്രംപ് ഇത് മറന്നുപോയതുകൊണ്ട് ഓര്‍മിപ്പിക്കാനാണ് മെലാനിയ കൈകൊണ്ട് തട്ടുകൊടുത്തത്. ഇതോടെ ട്രംപും കൈ പൊക്കി നെഞ്ചില്‍ വയ്ക്കുകയാണ്. സ്ലൊവേനിയന്‍ വംശജയായ മെലാനിയക്ക് അറിയാവുന്ന അമേരിക്കന്‍ രീതികള്‍ പോലും ട്രംപിന് അറിയില്ലേയെന്നാണ് പലരും ട്വിറ്ററിലൂടെ ചോദിക്കുന്നത്. ദേശീയ ഗാനം ചൊല്ലുമ്പോള്‍ ആദരസൂചകമായി നെഞ്ചത്ത് കൈവയ്ക്കുന്നതാണ് അമേരിക്കയിലെ രീതി.
RELATED STORIES

Share it
Top