ദേശീയ അറബിക് സെമിനാറിന് ബ്രണ്ണന്‍ കോളജ് ഒരുങ്ങി

തലശ്ശേരി: കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ബ്രണ്ണന്‍ കോളജ് അറബിക് ഭാഷാ വിഭാഗം 18,19,20 തിയ്യതികളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. അറബിക് സാഹിത്യം സോഷ്യല്‍ മീഡിയ യുഗത്തില്‍ എന്നതാണ് പ്രധാന വിഷയം. കോളജില്‍ അറബിക് ബിരുദ കോഴ്‌സ് ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സെമിനാര്‍ 18നു രാവിലെ 9.30ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫ. ഡോ. മുഹമ്മദ് അജ്മല്‍ ഉദ്ഘാടനം ചെയ്യും. ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എന്‍ എല്‍ ബീന അധ്യക്ഷത വഹിക്കും. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെ ഡോ. മുഹമ്മദ് ഷമീം നിസാമി മുഖ്യപ്രഭാഷണം നടത്തും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഭാഷാ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യും. 20ന് പൂര്‍വവിദ്യാര്‍ത്ഥി സംഗമവും നടക്കും. 1945ല്‍ ചെയര്‍മാന്‍ എം പി കെ മമ്മുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സില്‍ മദിരാശി സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏതാനും ഡിഗ്രി കോഴ്‌സുകള്‍ക്കൊപ്പം ബ്രണ്ണന്‍ കോളജില്‍ അറബിക് രണ്ടാം ഭാഷയായി ഉള്‍പ്പെടുത്തിയത്. 1967ലെ ഇഎംഎസ് മന്ത്രിസഭയില്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രി ആയപ്പോള്‍ 1968ല്‍ ബിരുദതലത്തില്‍ അറബിക് ഐച്ഛിക വിഷയമാക്കി. ഇവിടെനിന്ന് അറബിക് ബിരുദ പഠനം നടത്തിയവര്‍ ഇതിനകം ഇന്ത്യയിലും വിദേശത്തും ഉന്നത പദവികളിലുണ്ട്. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ ബി അബ്ദുന്നാസിര്‍ ഐ എസ്, കോളമിസ്റ്റ് പ്രഫ എ പി സുബൈര്‍, ചരിത്രഗ്രന്ഥങ്ങളുടെ കര്‍ത്താവും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പ്രഫ. പി കെ മുഹമ്മദലി, മറൈന്‍ ചീഫ് എന്‍ജിനീയര്‍ ടി പി മുസ്തഫ എന്നിവര്‍ പൂര്‍വവിദ്യാര്‍ഥികളില്‍ പ്രമുഖരാണ്. ഡോ. ടി മുഹമ്മദ് സിറാജുദ്ദീന്‍, പി ഷഫീഖ് റഹ്മാന്‍, എ പി അഹമ്മദ്, കെ പി മുഹമ്മദ് ഇഖ്ബാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

RELATED STORIES

Share it
Top