ദേശീയപാത സ്ഥലമേറ്റെടുക്കല്‍നഷ്ടപരിഹാരത്തുക ജില്ലാ തലത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം

കാസര്‍കോട്: നാലുവരിപ്പാതയുടെ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഇടപെടല്‍ ഫലം കണ്ടു.
ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഭൂമി നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയുള്ള നിര്‍ദ്ദേശം പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ലഭിച്ചു.
നേരത്തെ 25 ലക്ഷത്തില്‍ കൂടുതലുള്ള തുകക്ക് ജില്ലാ തലത്തിലുള്ള പരിശോധന കഴിഞ്ഞ് സംസ്ഥാന തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ് അംഗീകാരം നല്‍കിയിരുന്നത്. കോഴിക്കോട് പൊതുമരാമത്ത് വിഭാഗം ഡിവിഷണല്‍ ഓഫിസില്‍ നിന്നും തിരുവനന്തപുരത്തെ ചീഫ് എന്‍ജിനിയര്‍ ഓഫീസില്‍ നിന്നും അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമെ തുക അര്‍ഹരായവര്‍ക്ക് ലഭിച്ചിരുന്നുള്ളു.
ദേശീയപാത ഉദ്യോഗസ്ഥരും ജില്ലയിലെ റവന്യു പൊതുമരാമത്ത് ഉദ്യോഗസ്ഥരും പരിശോധന നടത്തി മുകളിലേക്ക് അന്തിമ അനുമതിക്കായി അയച്ച് തിരിച്ചുവരുമ്പോള്‍ ഏറെ കാലതാമസമെടുക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ അപേക്ഷകന്‍ അനുമതിക്കായി സംസ്ഥാന തലത്തിലേക്ക് പോകുന്നത് സ്ഥലമെടുപ്പ് മന്ദഗതിയിലാക്കിയിരുന്നു.
നഷ്ടപരിഹാരത്തുക ജില്ലാ തലത്തില്‍ തന്നെ അംഗീകരിച്ച് സ്ഥലമുടമകള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പൊതുമരാമത്ത് മന്ത്രിക്കും വിവിധ ഉന്നതോദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ തലത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

RELATED STORIES

Share it
Top