ദേശീയപാത സ്ഥലമെടുപ്പ്: ജില്ലാ കലക്ടര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം

വടകര: ദേശീയപാതാ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിന് നിയമസാധുതയില്ലെന്ന്. അഴിയൂര്‍, ഒഞ്ചിയം വില്ലേജുകളില്‍ വില നിര്‍ണയം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിന് നിയമസാധുത ഇല്ലെന്നാണ് നാഷനല്‍ ഹൈവേ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 2ന് അഴിയൂര്‍ ഒഞ്ചിയം വില്ലേജില്‍ വില നിര്‍ണയം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എല്ലാ ആനുകൂല്യങ്ങളും ചേര്‍ന്ന് ഉയര്‍ന്ന വില ലഭിക്കുമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് നിയമ സാധുതയില്ലെന്നാണ് അതോറിറ്റി ഭൂവുടമകള്‍ക്ക് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഴിയൂരില്‍ മാര്‍ക്കറ്റ് വിലയും, പുനരധിവാസവും മുന്‍കൂര്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃകതര്‍ നടത്തിയ സര്‍വേ നടപടികള്‍ ഭൂവുടകമള്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ യു വി ജോസും, റവന്യൂ അധികൃതരും അഴിയൂരിലെത്തി നഷ്ടപ്പെടുന്ന ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചക്കിടയില്‍ വില നിര്‍ണയിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് ഇത് ഉത്തരവായി ഇറക്കുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത തേടി ഭൂവുടമകള്‍ അതോറിറ്റിക്ക് വിവരാവകാശം സമര്‍പ്പിച്ചതോടെയാണ് വില നിര്‍ണയം തള്ളിയ വിവരം പുറത്ത് വന്നിരിക്കുന്നത്. ഇല്ലാത്ത വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഭൂവുടമകളെ വഞ്ചിക്കുന്ന നിലപാടാണ് കലക്ടര്‍ എടുത്തതെന്നും ഇത്തരം വഞ്ചനാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കലക്ടറുടെ പദവിക്ക് നിരക്കാത്തതാണെന്നുമുള്ള രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
ജനങ്ങളെ മാര്‍ക്കറ്റ് വില നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്ന ജില്ലാ കലക്ടറുടെ ശ്രമമെന്ന് ദേശീയപാതാ കര്‍മസമിതി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഭൂവുടമകള്‍ വ്യക്തത തേടിയില്ലായിരുന്നെങ്കില്‍ സ്വന്തം വീടും, സ്ഥലവും കെട്ടിടമൊക്കെ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കാന്‍ സാധ്യതയില്ലായിരുന്നെന്നും യോഗത്തില്‍ ഉയര്‍ന്നു. ചെയര്‍മാന്‍ സി വി ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു.
എ ടി മഹേഷ്, പ്രദീപ് ചോമ്പാല, പി കെ കുഞ്ഞിരാമന്‍, സലാം ഫര്‍ഹത്ത്, കെ പി എ വഹാബ്, അബു തിക്കോടി, കെ കുഞ്ഞിരാമന്‍, പി കെ നാണു, പി സുരേഷ്, പി പ്രകാശ് കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top