ദേശീയപാത സ്ഥലമെടുപ്പ്; കോട്ടക്കുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങി

കാട്ടാമ്പള്ളി: ജനവികാരം മാനിക്കാതെ ദേശീയപാത ബൈപാസിനു വേണ്ടി ബലമായി സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരേ പാപ്പിനിശ്ശേരി തുരുത്തിക്ക് പുറമെ കാട്ടാമ്പള്ളി കോട്ടക്കുന്നിലും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. കോട്ടക്കുന്നിലെ പാതയോരത്ത് ഇന്നലെ സമരപ്പന്തല്‍ ഉയര്‍ന്നു. ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ കടവന്‍ സീനത്തും കുറ്റിച്ചി ഹൈമയും സമരപ്രഖ്യാപനം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ദേവദാസ് തളാപ്പ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിയും ആവാസവ്യവസ്ഥയും തകര്‍ക്കുന്ന വികസനം വിനാശമാണെന്ന് അദ്ദേഹം പറഞ്ഞു. തുഛമായ നഷ്ടപരിഹാരം നല്‍കി പുനരധിവാസത്തിന് ഒരു പദ്ധതിയുമില്ലാതെ ജനങ്ങളെ കുടിയിറക്കുന്നത് ഭൂഷണമല്ല. ബൈപാസ് നിര്‍മിക്കുമ്പോഴുള്ള മാനദണ്ഡങ്ങളൊന്നും ഇവിടെ പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എ ഹംസ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം കെ ജയരാജന്‍ സംസാരിച്ചു. കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ രചിച്ച സമരഗീതം കെ കെ നാജിയ ആലപിച്ചു. വരുംദിവസങ്ങളില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധസംഘടനാ പ്രതിനിധികള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും.
പ്രശസ്ത മോണോ ലോഗ് അവതാരക റാനിയ ഇംതിയാസിന്റെ മോണോ ലോഗ് അവതരണവും ഉണ്ടായിരിക്കും. പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് കോട്ടക്കുന്ന് ഭാഗത്ത് ഇക്കഴിഞ്ഞ ഏപ്രിലില്‍ ദേശീയപാത അതോറിറ്റി സര്‍വേ നടത്തിയിരുന്നു. സ്ത്രീകള്‍ ഒന്നടങ്കം ചെറുത്തുനിന്നെങ്കിലും അവരെ പോലിസ് ബലംപ്രയോഗിച്ച് മാറ്റി—യാണ് സ്ഥലം അളന്നുതിട്ടപ്പെടുത്തിയത്.

RELATED STORIES

Share it
Top