ദേശീയപാത സ്ഥലമെടുപ്പ്ഇരകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണം: ആക്ഷന്‍ കൗണ്‍സില്‍ മ

ലപ്പുറം: ദേശീയപാത 66 ടോള്‍ റോഡായി വികസിപ്പിക്കുന്ന പദ്ധതിക്ക് വേണ്ടി 45 മീറ്റര്‍ സ്ഥലമേറ്റെടുപ്പ് സര്‍വേ നടത്തുന്നതിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇരകള്‍ക്കു നല്‍കിയ ഉറപ്പുകളില്‍ നിന്നും പിന്നാക്കം പോവാനുള്ള നീക്കം ജനവഞ്ചനയാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.
അലൈന്‍മെന്റ് പുനപ്പരിശോധന, നഷ്ടപരിഹാരം, പുനരധിവാസം മുതലായ കാതലായ വിഷയങ്ങളിലെല്ലാം നേരത്തെ നല്‍കിയ ഉറപ്പുകളില്‍ നിന്നും വ്യതിചലിക്കുന്ന നിലപാടാണിപ്പോള്‍ കാണുന്നത്.  അലൈന്‍മെന്റുകളില്‍ വ്യക്തമായ അപാകതകള്‍ ഉള്ളിടങ്ങളില്‍ പോലും പുനപ്പരിശോധിക്കില്ലെന്ന നിലപാട് ജനദ്രോഹമാണ്. 300ലേറെ വീടുകളാണ് ഇതു കാരണം മാത്രം പൊളിക്കേണ്ടി വരുക. 2,000ഓളം പേര്‍ കുടിയിറക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി കേരളത്തിന്റെ ദേശീയപാതയോരങ്ങളിലുള്ള ജനസാന്ദ്രതാ നിരക്കും ഉയര്‍ന്ന കെട്ടിട സാന്ദ്രതയും കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയുടെ ഫലമാണിതെന്ന് യോഗം വിലയിരുത്തി.
നഷ്ടപരിഹാരം നടപ്പുവിലയില്‍ അനുവദിക്കുമെന്നും അതിനാവശ്യമായ ഫണ്ട് കേന്ദ്രം നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്ന സംസ്ഥാന സര്‍ക്കാര്‍, കേരളത്തില്‍ ഭൂമി വില കൂടുതലാണെന്നും നഷ്ടപരിഹാരം വര്‍ധിപ്പിച്ചു നല്‍കാനാവില്ലെന്നുമുള്ള കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ജനവഞ്ചനയാണ്. പോലിസിനെ ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി സ്ഥലമേറ്റെടുപ്പ് നടത്താന്‍ മടിക്കാത്ത സര്‍ക്കാര്‍ പാവപ്പെട്ട ഇരകളെ വഞ്ചിക്കുവാനാണ് ശ്രമിക്കുന്നത്. 4,000ഓളം ഏക്കര്‍ ഭൂമി, 11,000ലേറെ വീടുകളുള്‍പ്പെടെ 25,000 കെട്ടിടങ്ങള്‍, മറ്റു നാശനഷ്ടങ്ങള്‍ എന്നിവക്കെല്ലാം കൂടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതു പ്രകാരം 40,000 കോടി രൂപയെങ്കിലും നഷ്ടപരിഹാരത്തിനായി വേണ്ട സ്ഥാനത്ത്, കേന്ദ്ര മാനദണ്ഡപ്രകാരം 4,000 കോടി പോലും കിട്ടാത്ത സാഹചര്യമാണ്. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ വെറും ആറു കോടി മാത്രമേ കേന്ദ്രം അനുവദിക്കൂ എന്നത് കൊണ്ടാണിതെന്ന് യോഗം വിലയിരുത്തി.
സ്ഥലമെടുപ്പ് 30 മീറ്ററിലൊതുക്കി ആറുവരിപ്പാത പണിയാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ മറികടക്കാനാവുമായിരുന്നു. ഇരകള്‍ക്ക് നടപ്പുവിലയില്‍ നഷ്ടപരിഹാരം നിരന്തരമായി ഉറപ്പ് നല്‍കിയ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമടക്കമുള്ളവര്‍ ഉറപ്പ് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും യോഗം ഓര്‍മിപ്പിച്ചു. ഇരകളെ വഞ്ചിക്കുവാനാണ് നീക്കമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭമാരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ചെയര്‍മാന്‍ പി കെ പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. വിശ്വനാഥന്‍ പാലപ്പെട്ടി, ഷൈലോഖ് വെളിയങ്കോട്, രാമചന്ദ്രന്‍ ഐങ്കലം, ഫൈസല്‍ കുറ്റിപ്പുറം, ഷൗക്കത്ത് രണ്ടത്താണി, ലീല വെന്നിയൂര്‍, ഷാഫി കക്കാട്, അബുപടിക്കല്‍, ടി പി തിലകന്‍ ചേളാരി സംസാരിച്ചു.

RELATED STORIES

Share it
Top