ദേശീയപാത : സര്‍ക്കാര്‍ വാദം തെറ്റെന്ന് തെളിഞ്ഞു -ദേശീയപാത സംരക്ഷണ സമിതികൊച്ചി: സംസ്ഥാനത്തെ ദേശീയ പാതയ്ക്ക്് ആ പദവി ഇല്ലെന്നും അതിനാല്‍ ബാറുകള്‍ തുറക്കണമെന്നുമുളള ഹൈക്കോടതി ഉത്തരവ് ദേശീയപാത വികസന വിഷയത്തില്‍ സര്‍ക്കാര്‍വാദം തെറ്റാണെന്നാണു തെളിയിക്കുന്നതെന്ന് ദേശീയപാത സംരക്ഷണസമിതി സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ നീലകണ്ഠന്‍, കണ്‍വീനര്‍ ഹാഷിം ചേന്നാമ്പിള്ളി എന്നിവര്‍ പറഞ്ഞു. ദേശീയപാതയാണെന്നും അതിന്റെ  മാനദണ്ഡം പാലിക്കാന്‍ 45മീറ്റര്‍ വേണമെന്നും എങ്കില്‍ മാത്രമേ പാത വികസിപ്പിക്കൂ എന്നുമായിരുന്നു ഇതുവരെ സര്‍ക്കാര്‍ നിലപാട്. ഈ ന്യായം നിരത്തി 4 പതിറ്റാണ്ട് മുമ്പ് 30 മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത് കാടുകയറി കിടക്കുന്ന സ്ഥലത്തുപോലും റോഡ് നിര്‍മിക്കാന്‍ തയ്യാറായില്ല.  ഇപ്പോള്‍ ഹൈക്കോടതിതന്നെ വ്യക്തത വരുത്തിയ സാഹചര്യത്തില്‍ അടിയന്തരമായി 30 മീറ്ററില്‍ 6 വരിപ്പാത നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.എലവേറ്റഡ് ഹൈവേ പരിഗണിച്ചാല്‍ മുകളിലും താഴെയുമായി പത്ത് വരി പാതയുടെ സൗകര്യങ്ങള്‍ ഒരുക്കാനും കഴിയും. തിരുവനന്തപുരം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ തുടര്‍ച്ചയായി 250 കിലോമീറ്റര്‍ ദൂരം 30 മീറ്റര്‍ വീതിയില്‍ നേരത്തേ സ്ഥലമെടുത്തിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ പലയിടത്തും 30 മീറ്റര്‍ വീതിയില്‍ ഭൂമി ലഭ്യമാണ്. ബാക്കിയുള്ളയിടങ്ങളില്‍ 30 മീറ്റര്‍ വീതിയില്‍ ഭൂമി വിട്ടുതരാന്‍ ഭൂഉടമകള്‍ക്ക് എതിര്‍പ്പുമില്ല. ഈ അനുകൂല സാഹചര്യം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പാത വികസനം യാഥാര്‍ഥ്യമാക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top