ദേശീയപാത വികസനം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഹിയറിങിന് തുടക്കം

ചാവക്കാട്: ജില്ലയിലൂടെ കടന്നുപോവുന്ന ദേശീയപാത 66 നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഭൂവുടമകളുടെ ഹിയറിങിന് തുടക്കമായി. ചാവക്കാട് താലൂക്കിലെ കടിക്കാട്, എടക്കഴിയൂര്‍, ഏങ്ങണ്ടിയൂര്‍, കടപ്പുറം, മണത്തല, ഒരുമനയൂര്‍, പുന്നയൂര്‍ എന്നീ ഏഴ് വില്ലേജുകളില്‍ നിന്നുള്ളവര്‍ക്കാണ് ചാവക്കാട് മിനി സിവില്‍ സ്‌റ്റേഷനില്‍ ഹിയറിങ് നടത്തിയത്. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 520 പരാതികളാണ് ലഭിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയുടെ സ്ഥാനം, നഷ്ടപരിഹാരത്തുക, പുനരധിവാസം എന്നീ വിഷയങ്ങളിലൂന്നിയുള്ളതായിരുന്നു ലഭിച്ച പരാതികളില്‍ ഏറെയും.
പരാതികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും ഏറ്റെടുക്കല്‍ നടപടിയെന്ന് ദേശീയപാത സ്ഥലമേറ്റെടുക്കല്‍ ചുമതല വഹിക്കുന്ന സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ പാര്‍വതി ദേവി പറഞ്ഞു. ആഗസ്ത് ഒന്നുമുതല്‍ ചാവക്കാട് താലൂക്കില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികള്‍ ആരംഭിച്ച് കല്ലിടല്‍ ആരംഭിക്കുമെന്ന് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. ഇതിന് മുമ്പായി ദേശീയപാത കടന്നുപോവുന്ന ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും ഹിയറിങ് പൂര്‍ത്തിയാക്കും. താലൂക്കിലെ വാടാനപ്പള്ളി, തളിക്കുളം, വലപ്പാട്, നാട്ടിക വില്ലേജുകളിലുള്ളവര്‍ക്കായി ഇന്നും നാളെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഹിയറിങ് നടക്കും.  കൊടുങ്ങല്ലൂര്‍ താലൂക്കിലെ വില്ലേജുകളിലുള്ളവര്‍ക്കായി 25, 26, 27, 28 തിയ്യതികളിലായി ഹിയറിങ് നടക്കും.

RELATED STORIES

Share it
Top