ദേശീയപാത വികസനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍

പൊന്നാനി/തേഞ്ഞിപ്പലം: ദേശീയപാത വികസനം കേരളത്തിന് ഒഴിവാക്കാന്‍ കഴിയാത്തതാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ദേശീയപാത വികസനം യാഥാര്‍ഥ്യമായില്ലെങ്കില്‍ കേരളം സ്തംഭിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. അക്രമമുണ്ടാക്കിയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചും, ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വഷളാക്കാതിരിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. പരമാവധി ആളുകളെ കുടിയൊഴിപ്പിക്കാതെയുള്ള അലൈന്‍മെന്റാണ് സര്‍ക്കാരും ആവശ്യപ്പെടുന്നത്.
കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം, വികസനത്തിന്റെ മറവില്‍ ദേശീയപാത സ്വകാര്യവല്‍ക്കരിച്ച് ഇനിമുതല്‍ കനത്ത ടോള്‍ കൊടുത്തു മാത്രം യാത്ര ചെയ്യാവുന്ന ബിഒടി ചുങ്കപ്പാതയാക്കുന്നതിനെതിരേ ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ മേലെ ചേളാരിയില്‍ കൂട്ട ഉപവാസം സംഘടിപ്പിക്കും.
ബിഒടി ചുങ്കപ്പാതയ്ക്കു വേണ്ടി 45 മീറ്റര്‍ സ്ഥലമെടുപ്പ് നടത്താന്‍ വന്‍ പോലിസ് വ്യൂഹത്തെയിറക്കി ബലപ്രയോഗത്തിലൂടെ സര്‍വേ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധമറിയിക്കാന്‍ കൂടിയാണ് ഉപവാസമെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top