ദേശീയപാത വികസനംഭൂമിയേറ്റെടുക്കല്‍ അവസാന ഘട്ടത്തില്‍

മലപ്പുറം: ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ജില്ലയില്‍ അവസാനഘട്ടത്തിലേക്ക്. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ അന്തിമവിജ്ഞാപനം (3 ഡി വിജ്ഞാപനം) ഈ ആഴ്ചയോടെയും പൊന്നാനി താലൂക്കിലെ വിജ്ഞാപനം ഈ മാസം അവസാനത്തോടെയും പുറത്തിറക്കും. ഇതിന് മുന്നോടിയായുള്ള കണക്കെടുപ്പുകളും അനുബന്ധ ജോലികളും അന്തിമഘട്ടത്തിലാണ്. തിരൂരങ്ങാടി താലൂക്കിലെ കണക്കെടുപ്പും അനുബന്ധ ജോലികളും ഇന്നലെ പൂര്‍ത്തിയായി. തിരൂര്‍ താലൂക്കിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം കഴിഞ്ഞ മാസം 26ന് പുറത്തിറക്കിയിരുന്നു.
1851 പേരുടെ ഭൂമിയാണ് തിരൂരില്‍ ഏറ്റെടുക്കുന്നത്. ജില്ലയില്‍ ആകെ 74 കിലോമീറ്റര്‍ ദൂരമാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കാനുള്ളത്. 3 ഡിവിജ്ഞാപനമിറങ്ങിയതിനുശേഷം ഭൂവുടമകളെ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തും.
ശേഷം നഷ്ടപരിഹാരം നിശ്ചയിക്കും. പിന്നീട് ഗസറ്റിലും പ്രാദേശിക പത്രങ്ങളിലും പരസ്യപ്പെടുത്തി വില നല്‍കുന്നതോടെ സര്‍ക്കാര്‍ ഭൂമിയായിമാറും. ജില്ലാ കലക്ടര്‍ അമിത്മീണ, അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ് തുടങ്ങിയവര്‍ ഇന്നലെ കോട്ടയ്ക്കലിലെ ദേശീയപാതാ ഓഫിസ് സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top