ദേശീയപാതാ വികസനത്തിനുള്ള പുതിയ അലൈന്‍മെന്റ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പരാതി തീര്‍പ്പാക്കാനാവാതെ മടങ്ങിചേളാരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാണമ്പ്രയിലും ഇടിമുഴിക്കലിലും ഉദ്യോഗസ്ഥസംഘം സന്ദര്‍ശനം നടത്തി. 45 മീറ്ററില്‍ ദേശീയപാത ആറു വരിപ്പാതയാക്കി  വികസിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മലപ്പുറത്ത് കലക്ടറുടെ സാനിധ്യത്തില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്നുവന്ന പരാതികള്‍ പരിശോധിക്കാനാണ് ഇന്നലെ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണിന്റെ നേതതൃത്വത്തിലുള്ള സംഘമെത്തിയത്. പുതിയ അലൈന്‍മെന്റ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ ജനപ്രതിനിധികളടക്കമുള്ളവരെ കലക്ടറുടെ ചേമ്പറില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. പുതിയ രൂപരേഖയില്‍ പാണമ്പ്രയിലും ഇടിമുഴിക്കലിലുമാണു പരാതികള്‍ ഉയര്‍ന്നത്. പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വീണ്ടും പരിശോധന നടത്തി ആവശ്യമായ ഭേധഗതികള്‍ വരുത്തുമെന്ന് യോഗത്തില്‍ കലക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാതയുടെ  ചുമതലയുള്ള ലാന്റ് അക്വസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ജനപ്രതിനിധികളും നാട്ടുകാരും പാണമ്പ്ര ജുമാ മസ്ജിദ് ഭാരവാഹികളും പരാതി ബോധിപ്പിച്ചു. പാണമ്പ്ര ജുമാ മസ്ജിദിന്റെ ഖബര്‍സ്ഥാന്‍ നഷ്ടപ്പെടാതെ ദേശീയപാത വികസനം സാധ്യമാക്കണമെന്ന് മലപ്പുറത്തുനടന്ന യോഗത്തില്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. കമ്മിറ്റി നല്‍കിയ നിര്‍ദേശം വകവയ്ക്കാതെയാണ് പുതിയഅലൈന്‍മെന്റെന്ന് ഭാരവാഹികള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബോധിപ്പിച്ചു. നിലവില്‍ പള്ളി, മദ്‌റസ, അമ്പലങ്ങള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ സംരക്ഷിച്ചാണ് ദേശീയപാതക്ക് അലൈന്‍മെന്റ് തയ്യാറാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ദേശീയപാതയുടെ ഒഴിഞ്ഞുകിടക്കുന്ന പടിഞ്ഞാറ് ഭാഗം ഉള്‍പ്പെടുത്തിയാല്‍ ഖബര്‍സ്ഥാനില്‍നിന്ന് സ്ഥലമെടുക്കേണ്ടി വരില്ലെന്ന നിലപാടിലാണു പള്ളി കമ്മിറ്റി. പടിഞ്ഞാറുഭാഗത്തിലൂടെ അലൈന്‍മെന്റ് തയ്യാറാക്കുമ്പോള്‍ നഷ്ടങ്ങളില്ലെന്നും നാട്ടുകാര്‍ ബോധിപ്പിച്ചു. പ്രായോഗികമായ നിര്‍ദേശങ്ങള്‍ നാട്ടുകാരും പള്ളി കമ്മിറ്റിക്കാരും ജനപ്രതിനിധികളും ഡെപ്യൂട്ടി കലക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും ഇന്നലെ രാത്രി വൈകിയും അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. പ്രായോഗികമല്ലാത്ത സര്‍വേയിലൂടെ എന്‍എച്ച് വികസിപ്പിച്ച് ഖബര്‍സ്ഥാന്‍ നഷ്ടപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഭൂമി നഷ്ടപ്പെടുന്നവരുമായി ആലോചിക്കാതെയാണ് പുതിയ അലൈന്‍മെന്റ് തയ്യാറാക്കിയതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, എ പി മുഹമ്മദ് സലീം, പി എം മൊയ്തീന്‍ കോയ ഹാജി, കെ ടി കുഞ്ഞുട്ടി ഹാജി, ഉണ്ണി കമ്മു, സവാദ് കള്ളിയില്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഇരകളുടെ വാദം പരിശോധിച്ച് മാത്രമെ ദേശീയപാതാ വികസനം നടത്തൂ എന്നും ഇപ്പോള്‍ ഉണ്ടാക്കിയ അലൈമന്റില്‍ ആവശ്യമെങ്കില്‍ മാത്രം വരുത്താവുന്നതെയുള്ളൂ എന്നും അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. ആറ് മണിക്കൂറോളം നീണ്ട തര്‍ക്കത്തിനൊടുവില്‍ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, പാണമ്പ്ര ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരോട് നിലവിലുള്ള രണ്ട് അലൈന്‍മെന്റുകള്‍ പരിശോധിച്ച് അനുയോജ്യമായത് ഇന്ന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇന്നു രാവിലെ പത്ത് മണിക്ക് ആവശ്യമായ അലൈന്‍മെന്റ് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടുണ്ട്. ഇത് രണ്ടും അനുയോജ്യമല്ലങ്കില്‍ മൂന്നാമതൊരു അലൈന്‍മെന്റ് ഉണ്ടാക്കാമെന്നും അത് അന്തിമമായിരിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top