ദേശീയപാതാ വികസനം: പൊന്നാനിയില്‍ സര്‍വേ പൂര്‍ത്തിയായി

പൊന്നാനി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പൊന്നാനി നഗരസഭാ പരിധിയിലെ സര്‍വ്വേ പൂര്‍ത്തിയായി. ആറു കിലോമീറ്റര്‍ ഭാഗത്തെ സര്‍വേയാണ് ചൊവ്വാഴ്ച നടന്നത്. ദേശീയപാത വികസനത്തിനു മുന്നോടിയായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട സര്‍വേ നടപടികളാണു ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. പൊന്നാനി താലൂക്കിലെ നഗരസഭാ പരിധിയിലെ സര്‍വേ ആനപ്പടിയില്‍ നിന്നുമാണ് ആരംഭിച്ചത്.
ആറു കിലോമീറ്റര്‍ ദൂരപരിധിയിലാണ് പൊന്നാനിയിലെ സര്‍വേ പൂര്‍ത്തീകരിച്ചത്. ആനപ്പടി മുതല്‍ ഹൈവേയിലെ റൗബ റസിഡന്‍സി വരെയും, ചമ്രവട്ടം ജംഗ്ഷന്‍ മുതല്‍ റൗബ വരെയും, ചമ്രവട്ടം ജങ്്ഷന്‍ മുതല്‍, ഈഴുവത്തിരുത്തി വരെയും, നരിപ്പറമ്പ് മുതല്‍ ഈഴുവത്തിരുത്തി വരെയും വിവിധ ടീമുകളായി തിരിച്ചാണുസര്‍വേ നടന്നത്.
കാലത്ത് ഏഴര മുതല്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. മുപ്പത് മീറ്റര്‍ പാതയില്‍ ഇരു വശത്ത് നിന്നും, കൂടുതല്‍ പ്രയാസങ്ങളില്ലാത്ത തരത്തിലാണ് സര്‍വ്വേ നടപടികള്‍ നടന്നത്. 2013ലെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസങ്ങള്‍ വരുത്തിയാണു പുതിയ അലൈന്‍മെന്റ് പ്രകാരമുള്ള സര്‍വേ പുരോഗമിക്കുന്നത്.
റോഡിലെ വളവുകള്‍ പരമാവധി നികത്തുകയും, കൂടുതല്‍ കെട്ടിടങ്ങളും, വീടുകളും നഷ്ടമാവാത്ത തരത്തിലുമാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുള്ളത്. പൊന്നാനി പള്ളപ്രം പാലത്തിനോട് ചേര്‍ന്നു പുതിയൊരു പാലവും ദേശീയ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിര്‍മിക്കേണ്ടി വരും.
നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്ത് പുതിയ പാലം നിര്‍മിക്കാനുള്ള സ്ഥലവും സര്‍വേയുടെ ഭാഗമായി അടയാളപ്പെടുത്തി. പുതിയ ദേശീയപാത നിര്‍മിച്ച സ്ഥലത്താണു ചൊവ്വാഴ്ച സര്‍വേ നടന്നത്.ഇതിനാല്‍ നേരത്തെ തന്നെ സ്ഥലം ഏറ്റെടുത്തിട്ടുള്ളതിനാല്‍ യാതൊരു പ്രതിഷേധവുമില്ലാതെയാണു സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചത്.പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ റോഡരികില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ മാത്രമാണു പൊളിച്ചു മാറ്റേണ്ടിവരിക. പൊന്നാനി താലൂക്കിലെ സര്‍വേ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും.നരിപ്പറമ്പ് മുതല്‍ അയിങ്കലം വരെയുള്ള ഭാഗങ്ങളിലാണു ബുധനാഴ്ച സര്‍വേ നടക്കുക.

RELATED STORIES

Share it
Top