ദേശീയപാതാ വികസനം: കുറ്റിയടിക്കലിനെതിരേ പ്രതിഷേധം

കൊടുങ്ങല്ലൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുറ്റിയടിക്കാന്‍ അധികൃതര്‍ എത്തിയതിനെതിരേ പ്രതിഷേധമുയര്‍ന്നു. ആല ശ്രീനാരായണ ക്ഷേത്രഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതിയുടെ കീഴില്‍ സമരം തുടരുന്ന ആലയില്‍ സമരപന്തലിന് തൊട്ട് വടക്കു ഭാഗത്താണ് അധികൃതര്‍ കഴിഞ്ഞദിവസം കുറ്റിയടിക്കാനെത്തിയതോടെ ക്ഷേത്ര ഭൂമിയിലൂടെ അളവ് അനുവദിക്കില്ലെന്ന് പറഞ്ഞു സമരക്കാര്‍ രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ ദേശീയ പാത അതോറിറ്റിയുടെ സംഘം 26-ാം കല്ല് മുതല്‍ അഞ്ചാംപരത്തി വരെയുള്ള പ്രദേശങ്ങളില്‍ കുറ്റിയടിച്ചു. തിങ്കളാഴ്ച സംഘം ഇവിടെ നിന്ന് തെക്ക് ഭാഗത്തേക്ക് അളവ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊടുങ്ങല്ലൂര്‍ സി ഐ യുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ക്ഷേത്രഭൂമിയില്‍ ഒരു തരത്തിലുമുള്ള അളവുകള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ക്ഷേത്ര ഭാരവാഹികള്‍.
അളവ് ക്ഷേത്രത്തിനു തൊട്ടടുത്തെത്തിയതോടെ ശനിയാഴ്ച രാവിലെ മുതല്‍ ക്ഷേത്ര ഭാരവാഹികള്‍ ഉപവാസ സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചുപേര്‍ വീതമാണ് രാവിലെയും വൈകീട്ടും ഉപവാസമിരുന്നത്.
ക്ഷേത്രവും ക്ഷേത്രത്തോട് ചേര്‍ന്നുള്ള എ ഐ എ യു പി സ്‌കൂളും സംരക്ഷിക്കണമെന്നതാണ് ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യം. ക്ഷേത്ര ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് നില നില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭൂമിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. അതേസമയം തിങ്കളാഴ്ച തന്നെ ഇവിടെ കുറ്റിയടിക്കാനാണ് ദേശീയ പാത ഭൂമി ഏറ്റെടുക്കല്‍ തഹസില്‍ദാരുടെ തീരുമാനം. പോലിസുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാണെന്നു ഉറപ്പ് വരുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സി ഐ യുടെ നേതൃത്വത്തില്‍ സമരക്കാരുമായി അനുരഞ്ജന ചര്‍ച്ച തുടരുന്നുണ്ട്. തല്‍ക്കാലം കുറ്റിയടിക്കാന്‍ സമ്മതിക്കണമെന്നാണ് പോലിസ് ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top