ദേശീയപാതാ വികസനംനഷ്ടപ്പെടുന്നത് നൂറിലധികം ജലസ്രോതസ്സുകളും 340 ഏക്കര്‍ നെല്‍വയലും

പൊന്നാനി: ദേശീയപാത വികസനത്തിന് ജനവാസ മേഖലകളിലൂടെ അലൈന്‍മെന്റ് തയ്യാറാക്കിയതിനാല്‍ നഷ്ടപ്പെടുന്നത് പൊതു ആവശ്യത്തിനുള്ള ആറ് കിണറുകളും പാടശേഖരത്തിലുള്ള 100 ലേറെ കിണറുകളും. ഇതിനുപുറമെ നിരവധി  വീടുകളിലുള്ള കിണറുകളും കുഴല്‍ക്കിണറുകളും നഷ്ടപ്പെടും. എല്ലാവിധ ജലസ്രോതസ്സുകളുടെയും മേല്‍ മണ്ണു  വാരിയിടുന്നതിലൂടെ ഒരു ജനതയുടെയാകെ കൃഷി സമ്പത്തും ജലസമ്പത്തും സമാധാന ജീവിതവുമാണ് സര്‍ക്കാര്‍ എന്നന്നേക്കുമായി ഇല്ലാതാക്കുന്നത്.
പുതിയ പാത വരുന്നതോടെ 340 ഏക്കറോളം നെല്‍വയലാണ് ജില്ലയില്‍  ഇല്ലാതാവുക. ഇതില്‍ 200 ഏക്കര്‍ സ്ഥലത്ത് ഇപ്പോള്‍ കൃഷി ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജലസ്രോതസ്സുകളായ തണ്ണീര്‍ത്തടങ്ങളും 11 ചിറകളും തോടുകളുമൊക്കെ ബൈപാസ് വരുന്നതോടെ നികത്തപ്പെടും. ഇവയില്‍ മണ്ണിട്ടു നികത്തുന്നതോടെ ആ  പ്രദേശങ്ങളിലെ  മൊത്തം കിണറുകളും വറ്റും. കൂടാതെ തെങ്ങുകള്‍ ഉള്‍പ്പെടെ അനേകം മരങ്ങളും ഇല്ലാതാവും.
ജില്ലയുടെ പലഭാഗങ്ങളിലും ദേശീയപാതാ സ്ഥലം കൈയേറിയ വന്‍കിടക്കാരുടെ  സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കാതെ 100ലേറെ വീടുകളും ജലസ്രോതസ്സുകളും നെല്‍വയലുകളും നശിപ്പിച്ച് എന്തിനാണ് ഇങ്ങനെയൊരു ദേശീയപാത നിര്‍മിക്കുന്നതെന്നാണ് സ്ഥലം നഷ്ടപ്പെടുന്നവരുടെ ചോദ്യം.
നിര്‍ദേശങ്ങള്‍
പരിഗണിക്കുമെന്ന് എംഎല്‍എ
പള്ളിക്കല്‍: ദേശീയ പാത വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍  നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞതായി  പി അബ്ദുല്‍ ഹമീദ് എംഎല്‍എ. പരപ്പനങ്ങാടി റോഡ് ജങ്ഷന്‍ വരുന്ന താഴെ ചേളാരി മുതല്‍ കോഹിനൂര്‍ വരെ ഫ്‌ളൈ ഓവര്‍ സംവിധാനം കൊണ്ടുവരിക, നിലവിലുള്ള റോഡും ഇരു പാര്‍ശ്വങ്ങളും പ്രയോജനപ്പെടുത്തി തികയാതെ വരുന്ന ഭൂമി മാത്രം രണ്ട് വശങ്ങളിലും ഏറ്റെടുക്കുന്ന വിധം അലൈന്‍മെന്റ് മാറ്റുക, 2013 ലെ അലൈന്‍മെന്റ് പരിഗണിക്കുക, നിലവിലെ പ്രൊപ്പോസലും നേരത്തെ തയ്യാറാക്കിയ പ്രൊപ്പോസലും പരിശോധിച്ച് മികച്ചത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്  എംഎല്‍എ ഉന്നയിച്ചത്.

RELATED STORIES

Share it
Top