ദേശീയപാതാ ഭൂമി ഏറ്റെടുക്കല്‍, റവന്യൂ ഉദ്യോഗസ്ഥ ഭീഷണി: കര്‍മസമിതി പ്രക്ഷോഭത്തിലേക്ക്‌

വടകര: അഴിയൂര്‍  മാഹി ബൈപ്പസിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് വടകര, കൊയിലാണ്ടി ലാന്റ് അക്യുസിഷന്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്കും, ഭീഷണിക്കുമെതിരെ കര്‍മ്മ സമിതി പ്രക്ഷോഭവുമായി രംഗത്ത്. മാര്‍ക്കറ്റ് വിലയുടെ നാലിലൊന്ന് പോലും നഷ്ടപരിഹാരമായി ഏറ്റെടുക്കുന്ന ഭൂമിക്ക് വില ലഭിക്കില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരിക്കെ വന്‍തുക നഷ്ടപരിഹാരമായി കിട്ടുമെന്ന പ്രചരണവും, നഷ്ടപ്പെടുന്ന വീടുകള്‍ കയറി കുടിയൊഴിപ്പിക്കലിന് വിധേയമാകുന്നവരെ ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെയുമാണ് പ്രക്ഷോഭം ആരംഭിക്കാന്‍ കര്‍മ സമിതി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മെയ് 14ന് കാലത്ത് 10ന് കൊയിലാണ്ടി ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും, ബഹുജന ധര്‍ണയും നടത്താന്‍ കര്‍മ്മസമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് അഴിയൂര്‍, അയനിക്കാട്, തിക്കോടി, ചോറോട്, പയ്യോളി എന്നിവിടങ്ങളിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ദേശീയപാതയോരത്തെ വീടുകള്‍ കയറി ഭീഷണിപ്പെടുത്തിയത്. നിശ്ചിത ദിവസത്തിനുള്ളില്‍ വീട് പൂട്ടി താക്കോല്‍ കൊടുത്തില്ലെങ്കില്‍ പിടിച്ചുപുറത്താക്കുമെന്ന്
ഉദ്യോഗസ്ഥ സംഘം ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് എത്തിയ കര്‍മസമിതി നേതാക്കളും ഉദ്യോഗസ്ഥ സംഘവും തമ്മില്‍ ഏറെ നേരം വാക്കേറ്റം നടന്നിരുന്നു. ഈ മേഖലയില്‍ മാര്‍ക്കറ്റ് വിലയും പുനരധിവാസവും ഉറപ്പാക്കതെയുള്ള സ്ഥലമെടുപ്പിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന്റെ പാതയിലാണ്. നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്നാണ് ഇവര്‍ പറയുന്നത്.
ഏറെ നേരം നടന്ന വാക്കേറ്റത്തിനുമൊടുവില്‍ പ്രശ്‌നം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ സംഘം സ്ഥലം വിടുകയായിരുന്നു.  ഉദ്യോഗസ്ഥര്‍ ഇത്തരം സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും കര്‍മസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എടി മഹേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, കെപിഎ വഹാബ്, അബു തിക്കൊടി, പികെ കുഞ്ഞിരാമന്‍, സലാം ഫര്‍ഹത്ത്, വികെ മോഹന്‍ദാസ്, പി സുരേഷ്, പി കെ നാണു, ശ്രീധരന്‍ മൂരാട്, രാമചന്ദ്രന്‍ പൂക്കാട്, വിപി കുഞ്ഞമ്മദ്, കെ കുഞ്ഞിരാമന്‍ സംസാരിച്ചു.

RELATED STORIES

Share it
Top