ദേശീയപാതാ ബൈപാസിന് സ്ഥലമെടുപ്പു തുടങ്ങി

കോട്ടക്കല്‍: ദേശീയപാതാ ബൈപാസിന് സ്ഥലമെടുപ്പു തുടങ്ങി. സ്വാഗതമാടു മുതല്‍ പാലച്ചിറമാടു വരെ 6.4 കിലോമീറ്റര്‍ നീളമുള്ള ബൈപാസിനുള്ള സ്ഥലമെടുപ്പിനാണ് ഇന്നലെ സ്വാഗതമാടു നിന്ന് തുടക്കം കുറിച്ചത്. ഒരു കിലോമീറ്റര്‍ നീളത്തില്‍ അളന്നു കല്ലുപതിപ്പിക്കുകയും 2.4 കിലോമീറ്റര്‍ നീളത്തില്‍ അളന്നു അടയാളപ്പെടുത്തുകയും ചെയ്തു. എടരിക്കോട് വയലടക്കമുള്ള 3 കിലോമീറ്റര്‍ നീളമുള്ള ഭാഗത്തിന്റെ സ്ഥലമെടുപ്പ് ഇന്നു നടക്കും. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനിടയില്‍ വന്‍ പോലിസ് സന്നാഹത്തിന്റെ സുരക്ഷയോടെയാണ് സ്ഥലമെടുപ്പു നടന്നത്.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ നാട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. എടരിക്കോട് വയലിനെ കീറി മുറിച്ചു പോകുന്ന പാത വയല്‍ നികത്തുക വഴി പഞ്ചായത്തില്‍ രൂക്ഷമായ ജലക്ഷാമത്തിനു കാരണമാവുമെന്നും പകരം നിലവിലെ ദേശീയപാത വീതി കൂട്ടുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നിങ്ങളെ അറിയിക്കുക അനുയോജ്യമായ നഷ്ട പരിഹാരം വാങ്ങിച്ചു തരിക മാത്രമാണ് എന്റെ ജോലിയെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. 2013 ലെ വില്‍പന പ്രകാരം റോഡിന്റെ സമീപത്തു അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ആധാരത്തില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടി തുക നല്‍കുമെന്നും വീടടക്കമുള്ള കെട്ടിടങ്ങളുടെ നഷ്ടപരിഹാരം പിഡബ്ല്യുഡിയും കാര്‍ഷിക നഷ്ടങ്ങള്‍ കൃഷി വകുപ്പും കണക്കാക്കി നഷ്ടപരിഹാരം നല്‍കാമെന്നും കലക്ടര്‍ ഉറപ്പു നല്‍കി. ലൈസണ്‍ ഓഫി സര്‍ പി പി എം അഷ്‌റഫ്, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈബ മണമ്മല്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് പി ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top