ദേശീയപാതാ പുനരധിവാസ പാക്കേജിന്റെ നടപടിക്രമങ്ങള്‍ ഫയലില്‍

വടകര: ജില്ലയിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കുരുക്കഴിയുന്നില്ല. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയാണ് സ്ഥലമെടുപ്പ് നടപടി നടന്നുവരുന്നത്. എന്നാല്‍ വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ്  സ്ഥലമെടുപ്പ് നടപടി വൈകാന്‍ കാരണമാവുന്നതെന്നാണ് പറയപ്പെടുന്നത്.
പാത വികസനവുമായി ബന്ധപ്പെട്ട് സമരങ്ങള്‍ ഏറെകുറേ നിലച്ചിരിക്കുകയാണ്. ജില്ലയില്‍ രണ്ടായിരത്തില്‍പരം വീടുകളാണ് വികസനവുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്നത്. ഇവര്‍ക്ക് പുനരധിവാസം ഒരുക്കാനുള്ള നടപടിക്രമം ജില്ല ഭരണകൂടം ഇതുവരെ തുടങ്ങിയിട്ടില്ല. നിലവില്‍ ഭൂരിഭാഗം പേര്‍ക്കും മാറി താമസിക്കാന്‍ ഇടം ഇല്ലാത്ത സ്ഥിതിയാണ്.
പുനരധിവാസ പാക്കേജിന്റെ കാര്യത്തിന്‍മേലുള്ള നടപടി ഫയലില്‍ ഉറങ്ങുകയാണെന്നാണ് ആരോപണം. പുനരധിവാസം മുന്‍കൂര്‍ പ്രഖ്യാപിച്ച് നല്‍കാതെ കുടിയൊഴിപ്പിക്കപ്പെടുന്ന വീട്ടുകാര്‍ തങ്ങളുടെ താമസ സ്ഥലത്തുനിന്ന് മാറാന്‍ തയ്യാറാവില്ലെന്ന തീരുമാനത്തില്‍ ഉറച്ചതോടെ പാത വികസനം അനിശ്ചിതമായി നീളാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അതിനിടയില്‍ വീടുകളുടെ ചെറിയ ഭാഗം പോവുന്നവര്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യത്തിലും നടപടി ഇഴഞ്ഞുനീങ്ങുകയാണെന്നും ആരോപണമുണ്ട്.
പാത വികസനത്തിന്റെ ഭാഗമായി വ്യക്തികളുടെ നഷ്ടപ്പെടുന്ന സ്ഥലം, മരങ്ങളുടെ നമ്പറിടല്‍ തുടങ്ങിയ പ്രവര്‍ത്തി ദ്രുതഗതിയില്‍ നടന്നുവരികയാണ്. സമരസമിതിയുടെ നേതൃത്വത്തില്‍ ഇത്തരം ജോലി തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും പോലിസ് സഹായത്തോടെ സര്‍വേ നടന്നു വരികയാണ്. 4000 ത്തില്‍പരം കടമുറികളാണ് പാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇവരുടെ സംഘടനകളും ഇവരെ ഏറെകുറെ കൈയൊഴിഞ്ഞ മട്ടാണ്. അതേസമയം, അളവ് നടന്നപ്പോള്‍ പലര്‍ക്കും സ്ഥലം കൂടുതല്‍ നഷ്ടപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ കാര്യത്തില്‍ റവന്യൂ ഉദേ്യാഗസ്ഥരുടെ മറുപടി തൃപ്തികരമല്ല എന്ന ആക്ഷേപവുമുണ്ട്.
പാത വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരവും വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുടിയൊഴിപ്പിക്കല്‍ നടപടി സങ്കീര്‍ണമാവുമെന്ന് ജില്ല ഭരണകൂടം സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഭൂമിയേറ്റടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചര്‍ച്ചകളിലൂടെ വീട് നഷ്ടപെടുന്നവരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെങ്കില്‍ ആരും വീട്ടില്‍നിന്ന് ഒഴിയുകയില്ലെന്ന് ദേശീയപാത കര്‍മസമിതി ജില്ല കമ്മിറ്റി നേതൃത്വം വ്യക്തമാക്കി. വീട് നഷ്ടപ്പെടുന്നവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും നേതൃത്വം അറിയിച്ചു.

RELATED STORIES

Share it
Top