ദേശീയപാതാ അധികൃതര്‍ തോട് കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു

വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര- ദിണ്ഡുക്കല്‍ ദേശിയപാതയില്‍ പെരിയാര്‍ ചോറ്റുപാറ കൈത്തോട്ടില്‍ തോട്ടിലേക്ക് ഇറക്കി ദേശിയപാത അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണം. ചോറ്റുപാറക്കും 63ാം മൈലിനും ഇടയിലായി റോഡ് വീതികൂട്ടലിന്റെ ഭാഗമായി തോടിനുള്ളിലായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മുല്ലയാറില്‍ നിന്ന് ഒഴുകി പെരിയാറില്‍ ചേരുന്ന തോടാണ് പെരിയാര്‍ ചോറ്റുപാറ കൈത്തോട്.
മുല്ലയാറില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം മഴക്കാലമായാല്‍ തേട് കവിഞ്ഞെഴുകി ദേശിയപാതയില്‍ നെല്ലിമല, കക്കികവല, എന്നിവിടങ്ങളില്‍ വെള്ളപൊക്കം ഉണ്ടാകുന്നതും ഗതാഗതസ്തംഭനം ഉണ്ടാവുന്നതും പതിവാണ്. നിലവില്‍ തോടിന് നാലു മീറ്റര്‍ വീതി ഉണ്ടങ്കിലും തോടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുമ്പോള്‍ അത് രണ്ടര മീറ്ററായി ചുരുങ്ങാന്‍ സാധ്യതയുണ്ട്. വെള്ളം കയറിയുണ്ടാകുന്ന ഗതാഗത തടസ്സത്തിന് പ്രതിവിധി കണ്ടെത്താനാവാതെ അധികൃതര്‍ വലയുമ്പോഴാണ് തോടിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുത്തി റോഡ് വീതികൂട്ടലിന്റെ മറവില്‍ തോട് വീതി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
കൈത്തോടിന്റെ പ്രഭവകേന്ദ്രം മുതല്‍ വാളാര്‍ഡി വരെ സാമാന്യം താഴ്ച്ചയുണ്ടെങ്കിലും പിന്നീടങ്ങോട്ട് ദേശീയപാതയോടു ചേര്‍ന്ന് ഒഴുകുന്ന തോടിന് കൈയേറ്റങ്ങളുടെ ഫലമായി വീതിയും ആഴവും ഇല്ലാത്ത നിലയാണ്. നെല്ലിമല, കക്കി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി കലുങ്ക് നിര്‍മ്മിച്ചിട്ടും കലുങ്കിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം വെള്ളം കയറുന്നത് തടയാന്‍ കഴിയുന്നില്ല. വെള്ളം കയറിയിറങ്ങി പോകുവാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ റോഡിലേക്ക് കയറിയ വെള്ളം ഇറങ്ങുവാനും താമസം എടുക്കുന്നു. കക്കിക്കവല, നെല്ലിമല, ചുരക്കുളം എന്നിവടങ്ങളിലായി ദേശിയ പാതയോരത്ത് 150ഓളം വീടുകള്‍ ഉണ്ട്. വെള്ളം കയറിയാല്‍ 50ഓളം വീടുകളുടെ മുറ്റത്തും വെള്ളം കയറും. ഈ സമയത്ത് ബന്ധുവീടുകളിലേക്കും മറ്റും സമീപവാസികള്‍ മാറി താമസിക്കുക പതിവാണ്.
വെള്ളം ഇറങ്ങുമ്പോള്‍ മാത്രമാണ് നിവാസികളുടെ ജീവിതം പൂര്‍വസ്ഥിതിയിലാവുന്നത്. കൂലിപ്പണിക്കാരും എസ്‌റ്റേറ്റ് തൊഴിലാളികളുമാണ് ഇവിടെ താമസിക്കുന്നതില്‍ കൂടുതലും. ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് ആവശ്യത്തിന് വെള്ളം കടന്നുപോകുന്നതിന് യോഗ്യമായി തോടിന് വീതിയും താഴ്ചയും കൂട്ടുക എന്നതാണ് ഏക പ്രതിവിധിയെന്നിരിക്കെ ദേശിയപാത അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി വിവാദമായി.
സ്വകാര്യ തോട്ടമുടമകള്‍ തോട് കൈയേറി കല്‍കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതും ഒഴിപ്പിക്കേണ്ടതാണ്. നിലവില്‍ നിര്‍മ്മാണം നടക്കുന്ന തോടിന്റെ മറ്റൊരു ഭാഗം സ്വകാര്യ എസ്‌റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ്. റോഡിന് വീതി കുറവായതിനാല്‍ നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് തോട്ടിലേക്കിറക്കിയുള്ള നിര്‍മ്മാണങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതമായതെന്നും റോഡ് വീതികൂട്ടലിന് ശേഷം തോട്ടം ഉടമകളുമായി ചര്‍ച്ച ചെയ്ത് എത്രയും വേഗം തോടിന് വീതികൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്നാണ് ദേശിയപാത അധികൃതരുടെ വിശദീകരണം.
ദേശിയപാത അധികൃതരുടെ നിര്‍ദേശാനുസരണമാണ് കരാറുകാരന്‍ തോട്ടിലേക്ക് ഇറക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top