ദേശീയപാതയോരത്തെ മദ്യശാലകള്‍ : ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടികൊച്ചി: ബൈപാസുകള്‍ വന്നെങ്കിലും ദേശീയപാതാ പദവി നഷ്ടമാകാത്ത റോഡുകളില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള ദൂരപരിധി ലംഘിച്ച് മദ്യശാലകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റി, എക്‌സൈസ് അധികൃതരുടെയും സര്‍ക്കാരിന്റെയും വിശദീകരണം തേടി. ഇടപ്പള്ളി-പാലാരിവട്ടം-എറണാകുളം-തോപ്പുംപടി-അരൂര്‍ പാതയും രാമനാട്ടുകര-ചെറുവണ്ണൂര്‍-കല്ലായി-കോഴിക്കോട്-മാനാഞ്ചിറ-കണ്ണൂര്‍ റോഡ് പാതയും ഇപ്പോഴും ദേശീയപാതയാണെന്നും ഈ പാതകള്‍ക്ക് ഇരുവശവും മദ്യഷാപ്പുകള്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജികളിലാണ് ഉത്തരവ്. ഇടപ്പള്ളി സ്വദേശി പി എ സലീമും കോഴിക്കോട് രാമനാട്ടുകര സ്വദേശി എം സന്തോഷ്‌കുമാര്‍ അടക്കം അഞ്ചു പേരും നല്‍കിയ വ്യത്യസ്ത ഹരജികളിലാണ് ഉത്തരവ്.ഇടപ്പള്ളി-തോപ്പുംപടി-അരൂര്‍, കണ്ണൂര്‍ റോഡ്-കോഴിക്കോട് മാനാഞ്ചിറ-രാമനാട്ടുകര റോഡുകള്‍ 1956ലെ ദേശീയപാത ആക്ടിലെ (2) വകുപ്പ് പ്രകാരം ദേശീയപാതയായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണെന്ന് ഹരജിയില്‍ പറയുന്നു. പിന്നീട് അരൂരില്‍ നിന്ന് നേരിട്ട് ഇടപ്പള്ളിക്കും രാമനാട്ടുകര നിസരി ജങ്ഷന്‍ മുതല്‍ പുഴക്കാട്ടിരി വരെയും ബൈപാസ് നിലവില്‍ വന്നു. എങ്കിലും നേരത്തേ നിലനിന്നിരുന്ന പാതകളുടെ ദേശീയപാതാ പദവി ഇല്ലാതാക്കി വിജ്ഞാപനം ഉണ്ടായിട്ടില്ല. എന്നാല്‍, ബൈപാസുകള്‍ നിലവില്‍ വന്നതോടെ നേരത്തേയുണ്ടായിരുന്ന പാതകള്‍ ദേശീയപാത അല്ലാതായെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കി ഈ റോഡുകളില്‍ നിന്ന് 500 മീറ്റര്‍ ദൂരപരിധി പാലിക്കാതെ മദ്യശാലകള്‍ വില്‍പനയ്ക്ക് അനുമതി നേടിയിരിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു. ദേശീയപാതയാണെന്ന കാര്യം പരിശോധിക്കാതെ എക്‌സൈസ് കമ്മീഷണറും ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരും അനുമതി നല്‍കിയതായും പറയുന്നു. മദ്യവില്‍പനയ്ക്ക് നിയമവിരുദ്ധമായി അനുമതി നേടിയെന്നു ചൂണ്ടിക്കാട്ടി കലൂരിലെ മീനൂസ് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിനെതിരേയാണ് സലീമിന്റെ ഹരജി. ബിവറേജസ് കോര്‍പറേഷന്‍, ഹോട്ടല്‍ കാലിക്കറ്റ് ഗേറ്റ്, കെടിഡിസി റസ്‌റ്റോറന്റ് രാമനാട്ടുകര, ഒന്നാം നമ്പര്‍ കള്ളുഷാപ്പ് എന്നിവയാണ് കണ്ണൂര്‍ റോഡ്-രാമനാട്ടുകര പാതയില്‍ അനധികൃതമെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എതിര്‍കക്ഷികളോട് വിശദീകരണം തേടിയ കോടതി ഹരജി നാളെ പരിഗണിക്കാനായി മാറ്റി.

RELATED STORIES

Share it
Top