ദേശീയപാതയുടെ തകര്‍ച്ച; ജനകീയ സമര സമിതിയെ ആക്ഷേപിച്ച് സിപിഎം

കെ എം അക്ബര്‍
ചാവക്കാട്: ദേശീയപാത 17 അറ്റകുറ്റപ്പണി നടത്തണമെന്നാവാശ്യപ്പെട്ട് സമരരംഗത്തുള്ള കൂട്ടായ്മയെ ആക്ഷേപിച്ച് സിപിഎം രംഗത്ത്. മൂന്നാംകല്ലു മുതല്‍ ചാവക്കാട് വരെ ദേശീയപാത 17 തകര്‍ന്നു തരിപ്പണമായി കിടക്കുന്ന അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ സമര സമിതി രൂപീകരിച്ചതാണ് സിപിമ്മിനെ ചൊടിപ്പിച്ചത്.
കരുവന്നൂര്‍ ശുദ്ധജല പദ്ധതിക്കായി ദേശീയപാത പൊളിച്ചതുമായി ബന്ധപ്പെട്ട് ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി ആരോപിച്ചു.
കാലങ്ങളായി തകര്‍ന്നു കിടക്കുന്ന ഈ റോഡ് കരുവന്നൂര്‍ ശുദ്ധജല പദ്ധതിക്കായി പൈപ്പിടാന്‍ പൊളിച്ചതോടേയാണ് തകര്‍ന്നു തരിപ്പണമായത്. പൈപ്പിടല്‍ പൂര്‍ത്തിയായിട്ടും റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടേയാണ് പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതിഷേധം ശക്തമാക്കിയത്. സേവ് എന്‍എച്ച് ജനകീയ സംരക്ഷണ സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി.
സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മേഖലയില്‍ കരിദിനവും പ്രതിഷേധ സംഗമവും കൂടി സംഘടിപ്പിച്ചതോടെ പ്രതിഷേധം ആളിപ്പടര്‍ന്നു. പ്രവാസികളില്‍ നിന്നുവരെ സമരത്തിന് വന്‍തോതില്‍ പിന്തുണ ലഭിച്ചു. മേഖലയിലെ സാമൂഹിക സാംസ്‌ക്കാരിക സംഘടകളും വ്യാപാരി സംഘടകളും അടക്കം നിരവധി സംഘടനകളാണ് സമര സമിതിക്കുവേണ്ടി സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തിയത്.
ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാത തകര്‍ന്നു കിടക്കുന്നതു മൂലം വന്‍ പ്രതിഷേധമാണ് മേഖലയിലെങ്ങും ഉയര്‍ന്നിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറിനും സ്ഥലം എംഎല്‍എ കെ വി അബ്ദുല്‍ ഖാദറിനുമെതിരെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതോടേയാണ് ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി രംഗത്തെത്തിയത്. മുന്‍കാലങ്ങളില്‍ ദേശീയപാതയിലെ ടാറിങ് അടര്‍ന്നാല്‍ പോലും സമരവുമായി രംഗത്തിറങ്ങാറുള്ള സിപിഎമ്മും ഡെൈിവഫ്‌ഐയും ഇതുവരെ പ്രതിഷേധവുമായി എത്തിയിട്ടില്ല.
മറ്റു ഇടതുപക്ഷ സംഘനകളില്‍ പലരും സമരവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങിയെങ്കിലും സമരം നടത്തുന്നത് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുമെന്ന് കാട്ടി ഇവരെയും സിപിഎം നേതൃത്വം സമരത്തു നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
അതേസമയം സിപിഎമ്മിന്റെ ആവശ്യത്തിനു വഴങ്ങിക്കൊടുക്കുന്നതിനെതിരേ സിപിഐയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ദേശീയപാത 17ന്റെ തകര്‍ച്ച പരിഹരിക്കാത്തതിനെതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഇപ്പോഴും അരങ്ങേറുന്നത്.

RELATED STORIES

Share it
Top