ദേശീയപാതയും ഗ്രാമീണ റോഡുകളും തകര്‍ന്നു; യാത്ര ദുഷ്‌കരം

ചാവക്കാട്: ദേശീയപാതയും ഗ്രാമീണ റോഡുകളിലും ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞു യാത്ര ദുഷ്‌കരമായി. ദേശീയപാത 17ല്‍ പലയിടത്തും റോഡ് തകര്‍ന്നു വലിയ കുഴികളായി. ഇതേ തുടര്‍ന്ന് അപകടവും പതിവായിരിക്കുകയാണ്.
ദേശീയപാത 17 മണത്തല മുതല്‍ എടക്കഴിയൂര്‍ വരെയുള്ള ഭാഗങ്ങളിലും ചാവക്കാട് ടൗണ്‍ മുതല്‍ ചേറ്റുവ വരെയും റോഡുകള്‍ പൊളിഞ്ഞിട്ടുണ്ട്. മണത്തല മുല്ലത്തറ മുതല്‍ പുതിയ പാലം വരെയുള്ള ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തിയ ഭാഗങ്ങളാണു തകര്‍ന്നിട്ടുള്ളത്.
മണത്തല മുല്ലത്തറയ്ക്കടുത്തും ടൗണിലെയും റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും ഏറെ ബുദ്ധിമുട്ടായി. ദേശീയപാത 17ല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും കാറും ഉള്‍പ്പെടെ കുഴിയില്‍ ചാടി അപകടങ്ങള്‍ നിത്യസംഭവമായി. മുല്ലത്തറയ്ക്കടുത്ത് പെട്രോള്‍ പമ്പിനടുത്തും ഒരുമനയൂര്‍ ദേശീയപാത 17 ലും റോഡുകള്‍ തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായി. മണത്തല, തിരുവത്ര, എടക്കഴിയൂര്‍, ഒരുമനയൂര്‍ ഭാഗങ്ങളിലെല്ലാം റോഡുകള്‍ തകര്‍ന്നു. എത്രയും വേഗം പ്രശ്‌നത്തിനു പരിഹാരം കാണണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഹെവി വാഹനങ്ങള്‍ തിരിച്ചുവിടുന്നത് നിര്‍ത്തണമെന്ന്
ചാവക്കാട്: ദേശീയപാതയില്‍നിന്ന് കടപ്പുറം അഞ്ചങ്ങാടി വഴി ഹെവി വാഹനങ്ങള്‍ തിരിച്ചുവിടുന്നത് നിര്‍ത്തണമെന്ന് മുസ്്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ടെയ്‌നര്‍ വാഹനങ്ങളടക്കമുള്ള വലിയ വാഹനങ്ങള്‍ ഒരു മാസം മാത്രം കടപ്പുറം വഴി തിരിച്ചുവിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കാലയളവ് കഴിഞ്ഞിട്ടും വാഹനങ്ങള്‍ കടപ്പുറം അഞ്ചങ്ങാടി വഴി തന്നെയാണ് ഇപ്പോഴും പോകുന്നത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ വാഹനങ്ങള്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്നും യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഹൈല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ടി ആര്‍ ഇബ്രാഹിം പറഞ്ഞു.

RELATED STORIES

Share it
Top